തിരുവനന്തപുരം: പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പൂന്തുറയിലെത്തിയ സംസ്ഥാന മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ ജനരോക്ഷം. മന്ത്രിമാര്‍ കടപ്പുറത്തേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിരോധമന്ത്രിക്കൊപ്പം ജനങ്ങളെ കാണാനെത്തിയ മന്ത്രിമാരെ കണ്ട് ജനങ്ങള്‍ ബഹളം വയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിരോധമന്ത്രി തന്നെ മൈക്ക് കൈയിലെടുത്ത് ജനങ്ങളെ അനുനയിപ്പിക്കാനിറങ്ങി.
നിങ്ങളുടെ വേദന തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും പ്രതിഷേധിക്കാന്‍ നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാവുന്ന നിലപാടാവണം ജനങ്ങള്‍ സ്വീകരിക്കേണ്ടതെന്നും പറഞ്ഞ മന്ത്രി കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ധൈര്യം നല്‍കാനും ആശ്വാസിപ്പിക്കാനുമാണ് ഈ സമയം എല്ലാവരും ശ്രമിക്കേണ്ടതെന്നും പറഞ്ഞു. തമിഴില്‍ സംസാരിച്ച മന്ത്രിയെ കേള്‍ക്കാന്‍ ആദ്യം ജനങ്ങള്‍ തയ്യാറായില്ലെങ്കിലും അവരോട് ആവര്‍ത്തിച്ച് മന്ത്രി അഭ്യര്‍ത്ഥിച്ചതോടെ ജനങ്ങള്‍ ശാന്തരാവുകയായിരുന്നു.
വ്യോമസേനയും നാവികസേനയും പുറംകടലില്‍ വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനും അവരെ തിരിച്ചു കരയില്‍ എത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഇപ്പോഴും അവര്‍ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജനങ്ങളെ അറിയിച്ചു.
















