കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 630 പേരെ കടലോരത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചു. വടകര, ചോറോട്, അഴിയൂര്‍, പുതിയങ്ങാടി, കടലുണ്ടി എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. പുതിയങ്ങാടി, കടലുണ്ടി എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ 27 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഐ.സി.ജി.എസ് അമര്‍ത്യ എന്ന കപ്പലില്‍ ബേപ്പൂരില്‍ നിന്നുള്ള 22 പേരെയും ഐ.സി.ജി.എസ് അഭിനവ് എന്ന കപ്പലില്‍ ആലപ്പുഴ സ്വദേശികളായ അഞ്ച് പേരെയുമാണ് ഇന്നലെ വൈകിട്ടോടെ കരയ്‌ക്കെത്തിച്ചത്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ കോഴിക്കോട് വിവിധ ലോഡ്ജുകളിലായി കഴിയുന്ന ലക്ഷദ്വീപ് നിവാസികളായ 110 പേര്‍ക്ക് ജില്ലാ ഭരണകൂടം ഭക്ഷണസൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് എന്ന് ദ്വീപിലേക്ക് പോകാമെന്നതിനെകുറിച്ച് തീരുമാനമായിട്ടില്ല.
കടലുണ്ടിയില്‍ ഇന്നലെ നാട്ടുകാര്‍ എം.കെ. രാഘവന്‍ എംപി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് മുമ്പില്‍ പ്രതിഷേധമുയര്‍ത്തി. കടല്‍ഭിത്തി കെട്ടണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കാത്തതിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇത് സംബന്ധിച്ച് അടിയന്തര യോഗം ഇന്ന് ചേരും.
















