തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയിലെ പുതിയ ചേരിപ്പോര് രൂക്ഷമാകുമെന്ന് സൂചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരിയെ മാറ്റി പി. ജയരാജനേയോ ഇ.പി. ജയരാജനേയോ കൊണ്ടുവരാനുള്ള നീക്കം ശക്തമാണ്.
സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള ജില്ലാസമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ഔദ്യോഗിക വിഭാഗത്തിനുള്ളില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടതായാണ് വിവരം. പഴയ വിഎസ് വിഭാഗം നിലംപരിശായതോടെ പാര്‍ട്ടിയില്‍ പിണറായിയുടെ ഏകാധിപത്യമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ഈ ധാരണയ്‌ക്ക് മാറ്റം വന്നുതുടങ്ങി. പിണറായിക്കും കണ്ണൂര്‍ ലോബിക്കുമെതിരെ തോമസ് ഐസക്, എം.എ ബേബി എന്നിവരുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ അതൃപ്തരായുണ്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രത്യക്ഷത്തില്‍ ഇവരോടൊപ്പമില്ലെങ്കിലും ഈ നീക്കത്തെ തടയുന്നില്ല എന്ന പരാതിയാണ് പിണറായിക്ക്. പിണറായിക്കൊപ്പമാണെന്ന് പുറമെ നടിക്കുമ്പോഴും ഇരുകൂട്ടര്‍ക്കും സ്വീകാര്യനാണ് താനെന്ന് വരുത്താനുള്ള ശ്രമമാണ് കോടിയേരിയുടേത്.
ഇതോടെ തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിയെ മാറ്റി പി. ജയരാജനേയോ ഇ.പി. ജയരാജനെയോ സെക്രട്ടറിയാക്കാനുള്ള ആലോചനയിലാണ് പിണറായിയും കണ്ണൂര്‍ ലോബിയും. ഇത് ലക്ഷ്യമിട്ട് കോടിയേരിയെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ജയരാജന്മാരിലാരെങ്കിലും സെക്രട്ടറിയായാല്‍ ബേബി – ഐസക് നീക്കത്തെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് പിണറായി കണക്കുകൂട്ടുന്നുണ്ട്. ഭാവിയില്‍ കോടിയേരിയുടെ ഭാഗത്തുനിന്ന് ഉയരാനിടയുള്ള വെല്ലുവിളിയെ മുളയിലെ നുള്ളാനാവുമെന്നും പിണറായി കണക്കുകൂട്ടുന്നു.
സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ പ്രതിനിധികളില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമം ഇരുവിഭാഗവും തുടങ്ങിയിട്ടുണ്ട്. കോടിയേരി തന്നെ സെക്രട്ടറിയായി തുടരണമെന്ന നിലപാടിലാണ് ബേബി-ഐസക് വിഭാഗം. നിലവിലുള്ള ജില്ലാസെക്രട്ടറിമാരില്‍ ഭൂരിഭാഗവും കോടിയേരി തുടരണമെന്ന പക്ഷക്കാരാണ്.
പിണറായിയുടെ ഇടപെടല്‍ ഇതിന് മാറ്റം വരുത്തുമോയെന്നതാണ് കാണേണ്ടത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ കോടിയേരി സെക്രട്ടറിയാകുന്നത് ഒഴിവാക്കാന്‍ പിണറായി ശ്രമം നടത്തിയിരുന്നു. ഇ.പി.ജയരാജന്റെ പേരാണ് പിണറായി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേന്ദ്രനേതൃത്വവും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഭൂരിഭാഗം പേരും കോടിയേരി സെക്രട്ടറിയാകണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.
ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ.പി.ജയരാജന്‍ ഇക്കുറി രക്തസാക്ഷി പരിവേഷത്തിലാണ്. പി.ജയരാജനേയും വീരപരിവേഷത്തോടെ അവതരിപ്പിക്കുകയാണ് പിണറായിപക്ഷം. പാര്‍ട്ടി സെക്രട്ടറി പദത്തിന് കോടിയേരിയേക്കാള്‍ അര്‍ഹരാണിവര്‍ എന്ന പ്രതീതി ജനിപ്പിക്കുകയാണ് ലക്ഷ്യം.
















