ഹരിപ്പാട്: തീരദേശമേഖലയായ ആറാട്ടുപുഴയില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് തീരദേശ റോഡിലേക്ക് അടിഞ്ഞുകയറിയ മെറ്റില്‍ ചീളുകള്‍ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തീരവാസികള്‍ റോഡ് ഉപരേധിച്ചു.
സംഭവം അറിഞ്ഞെത്തിയ ചെങ്ങന്നൂര്‍ ആര്‍ഡിഒ വി. ഹരികുമാറിനെയും കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ എസ്. വിജയനേയും തീരദേശവാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. പൊതുമരാമത്ത് വകുപ്പിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും സഹായം തേടി വൈകുന്നേരത്തോടുകൂടി മെറ്റില്‍ചീളുകള്‍ നീക്കംചെയ്തുതുടുങ്ങി.
തുടര്‍ന്നാണ് തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിച്ചത്. ആറാട്ടുപുഴ ബസ് സ്റ്റേഷന്‍ മുതല്‍ ഇരുന്നൂറുമീറ്റര്‍ തെക്കുഭാഗത്തേക്കാണ് മെറ്റില്‍ചീളുകളും മണലും കയറി റോഡ് ഗതാഗതം സ്തംഭിച്ചത്. കടലില്‍നിന്നടിക്കുന്ന ശക്തമായ തിരമാലകള്‍ വീടുകളിലേക്കും ഇരച്ചുകയറുകയാണ്. ഇതിനിടയില്‍ പല്ലന, പതിയാങ്കര ആശാരിക്കാട്ടില്‍ അലിയാരുകുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗീകമായും നശിച്ചു.
















