തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്തെത്തി. കന്യാകുമാരിക്ക് സമീപമെത്തിയ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. കനത്ത മഴയ്‌ക്കും സാധ്യതയുണ്ട്. ഇതോടെ തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
അതിനിടെ അമ്പൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പത്തോളം വീടുകളില്‍ വെള്ളം കയറി. ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയില്‍ പാറശാലയില്‍ കലോത്സവ വേദി തകര്‍ന്നു. കുട്ടികള്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. അച്ചന്‍കോവിലില്‍ വനവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട ദേശീയപാതയില്‍ മരങ്ങള്‍ കടപുഴുകി വീണതോടെ വാഹന ഗതാഗതവും തടസപ്പെട്ടു.
മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടത്. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.
പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പലയിടത്തും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
















