കോഴിക്കോട്: വീണ്ടുമൊരു മുന്നണി മാറ്റത്തിന്റെ സൂചന നല്‍കി ജനതാദള്‍ (യു) നേതാവ് എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാ എംപി സ്ഥാനം രാജിവയ്‌ക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രാജി തീരുമാനത്തെ സ്വാഗതം ചെയ്തു.
ജെഡിയു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന ന്യായീകരണത്തോടെയാണ് രാജിക്കാര്യം വീരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജെഡിയു ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, അവിടെ പാര്‍ട്ടിയുടെ ചിഹ്നവും പേരും ഉപയോഗിക്കാന്‍ അനുവാദമില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്കാണ് ചിഹ്നം ഉപയോഗിക്കാനാകുക. ഈ സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ നിര്‍ബന്ധിതരായെന്നാണ് ശരത് യാദവ് പറഞ്ഞത്.
അത്തരത്തിലൊരു പ്രതിസന്ധിയെയാണ് പാര്‍ട്ടി നേരിടുന്നത്. നിതീഷ് കുമാറിനൊപ്പമില്ലെന്ന് കേരളത്തിലെ പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. രാജിവയ്‌ക്കുന്ന കാര്യം നിതീഷ് കുമാറിനെയും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെയും അറിയിച്ചു. എന്നെന്ന കാര്യത്തിലേ ഇനി തീരുമാനമെടുക്കാനുള്ളൂ, അദ്ദേഹം വിശദീകരിച്ചു. യുഡിഎഫില്‍ തുടരണമോയെന്ന കാര്യം രാജിവച്ച ശേഷം തീരുമാനിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ജനതാദള്‍-എസ് നേതാക്കളായ കെ. കൃഷ്ണന്‍ കുട്ടിയോടും സി.കെ. നാണുവിനോടും കേരളത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് നേതൃത്വവുമായി അവര്‍ സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം മുന്നണി മാറ്റത്തിന്റെ കാര്യം തീരുമാനിക്കും. പിണറായി വിജയനുമായി നടത്തിയത് കേവലം സൗഹൃദ ചര്‍ച്ച മാത്രമായിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
















