തൊടുപുഴ വാസന്തിയുടെ ഭൗതികശരീരത്തില്‍ നടന്‍ മമ്മൂട്ടി പുഷ്പ്പചക്രം അര്‍പ്പിക്കുന്നു
തൊടുപുഴ: നാടകത്തിലൂടെ സിനിമയില്‍ എത്തിയ തൊടുപുഴ വാസന്തി നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും സിനിമ മേഖലയില്‍ നിന്ന് കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. കലാകാരിയെന്ന നിലയില്‍ പേരെടുത്തെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതയ്‌ക്കൊപ്പം ദുരിതങ്ങളുംനോവുകളുമാണ് അന്ത്യനാളുകളില്‍ വാസന്തിക്ക് കൂട്ടായുണ്ടായിരുന്നത്. മൂന്നരപതിറ്റാണ്ട് സിനിമാ ലോകത്ത് നിലയുറപ്പിച്ചെങ്കിലും ചോര്‍ച്ചയില്ലാത്തൊരു വീട് എന്ന സ്വപ്‌നം പോലും പൂവണിയാതെ വാസന്തി മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാടക നടനായ അച്ഛന്‍ രാമകൃഷ്ണന്‍നായരുടെ ബാലെ സംഘത്തിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള ചുവടുവെപ്പ്. 1979ല്‍ എന്റെ നീലാകാശം എന്ന തോപ്പില്‍ ഭാസി ചിത്രത്തിലൂടെ സിനിമയില്‍.
1982ല്‍ ഇറങ്ങിയ കക്കയാണ് വാസന്തി ആദ്യമായി അഭിനയിച്ച മുഴുനീള ചിത്രം.
അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരിടുന്നത്. കെ.ജി. ജോര്‍ജിന്റെ യവനിക എന്ന സിനിമയിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തി. ടെലിവിഷന്‍ പരമ്പരകളിലും നൂറിലധികം നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ ഇത് താന്‍ടാ പോലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഭര്‍ത്താവിന്റെ മരണ ശേഷം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ ഇവര്‍ വരമണി നാട്യശാല എന്ന പേരില്‍ ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചു. രണ്ടു വര്‍ഷം മുമ്പ് ഇതും പൂട്ടി. ഇതിനിടെ വീണ് വലത് കാലിന് പൊട്ടലുണ്ടായതോടെ വീട്ടിലുണ്ടായിരുന്ന ഡാന്‍സ് പഠപ്പിക്കലും മുടങ്ങി. കഴിഞ്ഞ ജൂലൈയില്‍ പ്രമേഹം കൂടിയതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇടതുകാല്‍ മുറിച്ച് മാറ്റിയിരുന്നു.
കാന്‍സര്‍ പിടിപെട്ടതോടെ വീട്ടിലും ആശുപത്രിയിലുമായി കഴിയുകയായിരുന്നു. പൊള്ളിക്കുന്ന വേദനയിലും അസുഖം മാറി സിനിമയിലേക്ക് മടങ്ങി എത്തണം എന്ന ആഗ്രഹത്തിനിടെയാണ് ആ ജീവന്‍ മരണം കവര്‍ന്നത്.
















