ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന രഞ്ജിത്തിന്റെ വീടിന്റെ ചുവരില്‍ രക്തം ചിന്തുന്ന രീതിയില്‍ ചുവന്ന പെയ്ന്റ് ഒഴിച്ചിരിക്കുന്നു
തിരുവനന്തപുരം: ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന രഞ്ജിത്തിന് അജ്ഞാത സംഘത്തിന്റെ വധഭീഷണി. വീടിന്റെ സിറ്റൗട്ടിലെ കോണ്‍ക്രീറ്റ് തൂണില്‍ ചുവന്ന പട്ടും വെളളത്തുണിയും മരിച്ചവരുടെ വീട്ടിലെന്നവണ്ണം കെട്ടിയും ചുവരില്‍ പതിപ്പിച്ചിട്ടുളള തടിയില്‍ രക്തം ചിന്തുന്ന വിധത്തില്‍ ചുവന്ന പെയിന്റ് വാരിയൊഴിച്ചുമാണ് ഭീഷണി. സംഭവത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐക്കാരെന്നാണ് ആരോപണം.
പരുത്തിപ്പാറ എംജി കോളേജിന് പുറകിലായി വ്യാസ നഗറില്‍ 44-ാം നമ്പര്‍ വീട്ടിലാണ് അഞ്ജനയുടെ താമസം. ഇന്നലെ പുലര്‍ച്ചെ ഒരു മണി കഴിഞ്ഞാണ് വധഭീഷണി നല്‍കിയത്. രാവിലെ ഉറക്കമെണീറ്റ് പുറത്ത് വന്നപ്പോള്‍ കണ്ടത് പട്ടും കച്ചയും തൂണില്‍ കെട്ടിയിരിക്കുന്നതായിരുന്നു. പേരൂര്‍ക്കട സിഐക്ക് അഞ്ജന പരാതി നല്‍കി.
ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലം വിശദ പരിശോധന നടത്തി. പോലീസ് നായ പട്ടം മരപ്പാലത്തേക്ക് പോകുന്ന വഴിയില്‍ കുറച്ച് ദൂരം പോയതിന് ശേഷം തിരികെ വന്നു. മൂന്നാം തവണയാണ് അപായ സൂചന നല്‍കി മുന്നറിയിപ്പ് നല്‍കുന്നതെന്ന് അഞ്ജന പറഞ്ഞു ആഗസ്തില്‍ കാലുകള്‍ ഒടിഞ്ഞ നിലയില്‍ ഡോബര്‍മാന്‍ പട്ടിയെ കൊണ്ടിട്ടു. രണ്ട് മാസം മുമ്പ് പട്ടിയെ അടിച്ചു കൊന്ന് വീടിന് മുന്നില്‍ത്തള്ളി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്, ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ ജയചന്ദ്രന്‍, സി. സജിത് കുമാര്‍, നഗരസഭ പ്രതിപക്ഷ പാര്‍ട്ടി നേതാവ് വി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, പാങ്ങോട് മധു, ഹരിശങ്കര്‍, രമ്യരമേശ്, മിനി, ചിഞ്ചു ടീച്ചര്‍ തുടങ്ങിയവര്‍ അഞ്ജനയുടെ വീട് സന്ദര്‍ശിച്ചു.
















