ന്യൂദല്‍ഹി: ഇല്ലാത്ത കോടതി രേഖകള്‍ ചൂണ്ടിക്കാട്ടി ഭൂമിയുടെ വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റു.
ദല്‍ഹി സര്‍ക്കാരിനു കീഴിലുള്ള 30 ഏക്കര്‍ ഭൂമിയാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വിറ്റത്. 600 കോടി രൂപയുടെ ഭൂമി കൈമാറിയത് ഇതിന്റെ ഇരുപതിലൊരു ശതമാനം വില കുറച്ച്. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ ഉത്തരവിട്ടു.
ദക്ഷിണ ദല്‍ഹിയിലെ അസോളയിലാണ് ഭൂമിത്തട്ടിപ്പ്. ഏക്കറിന് 20 കോടി രൂപയാണ് ഇവിടെ ശരാശരി വില. എന്നാല്‍, ഭൂമി വിറ്റത് ഏക്കറിന് ഒരു കോടി രൂപയില്‍ താഴെ വിലയ്‌ക്ക്. 13 വസ്തുക്കളുടെ ആധാരം വ്യാജമായി നിര്‍മിച്ചുവെന്നും ഇതില്‍ മൂന്നെണ്ണമാണ് വിറ്റതെന്നും കണ്ടെത്തി. 1986ലും മറ്റുമുള്ള കോടതിവിധികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ വ്യാജരേഖ നിര്‍മിച്ചത്.
ക്രമക്കേട് നടന്നതായി ദല്‍ഹി റവന്യൂ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് സ്ഥിരീകരിച്ചു. അതേസമയം, വിവരം പുറത്തുവന്നതോടെ കണ്ണില്‍പൊടിയിട്ട് തലയൂരാനും ദല്‍ഹി സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഒരു ഇടപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം കോടതിയെ സമീപിച്ചു.
















