ശബരിമല ക്ഷേത്രദര്‍ശത്തില്‍ അര നൂറ്റാണ്ട് തികച്ച കണ്ണന്‍സ്വാമിയെ തൊടുപുഴ തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ ആദരിച്ചപ്പോള്‍
തൊടുപുഴ: കെട്ടുനിറച്ച് മുടങ്ങാതെ പതിനെട്ടാംപടി കയറി ശബരിമല സന്നിധാനത്തെത്താനുള്ള ഭാഗ്യം സിദ്ധിക്കുക അപൂര്‍വ്വ ഭാഗ്യമാണ്. അങ്ങനെ അയ്യപ്പനെ വണങ്ങാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് തൊടുപുഴ തൊണ്ടിക്കുഴ വളയനാല്‍ വീട്ടില്‍ കണ്ണന്‍ സ്വാമി എന്ന ഗോപാലകൃഷ്ണന്‍ നായര്‍.
ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കെട്ടുനിറച്ച് പത്തു പേരടങ്ങുന്ന സംഘത്തോടൊപ്പം അമ്പതാം തവണ ശബരിമല ദര്‍ശനത്തിനായുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ് ഈ അയ്യപ്പഭക്തന്‍. എരുമേലിയില്‍ നിന്ന് കാനനപാതയിലൂടെ നടന്നാണ് വര്‍ഷങ്ങളായുള്ള യാത്ര. ഇത്തവണയും അതിന് മാറ്റമില്ല, വ്യാഴാഴ്ച രാത്രിയോടെ ക്ഷേത്രത്തില്‍ എത്തും.
അഞ്ച് ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി ആഴി(പാനക) പൂജയ്‌ക്കും നേതൃത്വം നല്‍കുന്നുണ്ട് അദ്ദേഹം. ഇളയ മകന്‍ വിനോദാണ് സഹായി. തുലാം ഒന്നിന് തുടങ്ങുന്ന വ്രതം ജനുവരി 20 വരെ നീളും. വര്‍ഷംതോറും 150നടുത്ത് കെട്ടുകളാണ് നിറയ്‌ക്കുന്നത്. ഇടയ്‌ക്ക് ബന്ധുക്കള്‍ മരിച്ചപ്പോള്‍ മാല ഊരേണ്ടി വന്നിട്ടുണ്ടെങ്കിലും ദര്‍ശനം മുടക്കിയിട്ടില്ല. ദര്‍ശനം കഴിഞ്ഞ് മടങ്ങി വന്നാലും കെട്ടുനിറ തുടരും.
പന്ത്രണ്ടാം വയസില്‍ അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്കൊപ്പമാണ് ശബരിമല ദര്‍ശനം ആരംഭിച്ചത്. പിന്നീട് രണ്ട് വര്‍ഷം മുടങ്ങിയെങ്കിലും പതിനഞ്ചാം വയസ് മുതല്‍ മുടങ്ങാതെ പോകുന്നുണ്ട്. മകരവിളക്ക് അല്ലെങ്കില്‍ ഗുരുതി തൊഴാന്‍ പോകുന്ന പതിവും മുടക്കിയിട്ടില്ല. ആദ്യകാലത്ത് ചാലക്കയം വരെ വാഹനത്തിന് പോയശേഷം അവിടെ നിന്ന് നടക്കുകയായിരുന്നു. പമ്പയില്‍ ഇന്ന് കാണുന്ന പാലം അന്നില്ല. പമ്പയിലെ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടന്നാണ് യാത്ര. 41 ദിവസം വ്രതം എടുക്കുന്നവരെ മാത്രമെ ശബരിമല യാത്രയ്‌ക്ക് കണ്ണന്‍സ്വാമി ഒപ്പം കൂട്ടുകയുള്ളു. വീട്ടില്‍ നിന്ന് രണ്ട് തവണ നടന്ന് പോയിട്ടുള്ള ഇദ്ദേഹം പമ്പയില്‍ സദ്യ തയ്യാറാക്കി കഴിച്ച ശേഷമാണ് ഇപ്പോഴും യാത്ര തുടരുന്നത്.
പതിനെട്ടു വര്‍ഷമായി മങ്ങാട്ടുകവലയില്‍ ആധാരം എഴുത്താണ് ജോലി. അയ്യപ്പനിലുള്ള വിശ്വാസമാണ് യാത്രകള്‍ക്ക് പ്രചോദനമെന്നും വരും വര്‍ഷങ്ങളിലും ശബരിമലയിലെത്തണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ: ശൈലജകുമാരി. മക്കള്‍: വിവേക്, വിനോദ്.
















