സ്വന്തം ലേഖകന്‍
കുന്നത്തൂര്‍: ജില്ലയിലൂടെ കടന്നുപോകുന്ന കൊല്ലം-തേനി ദേശീയപാതയില്‍ (എന്‍എച്ച് 183) ഹൈവേ പോലീസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
ദേശീയപാതയുടെ 15 കിലോമീറ്റര്‍ ഭാഗമാണ് കുന്നത്തൂര്‍ താലൂക്കിലൂടെ കടന്നുപോകുന്നത്. കടപുഴ മുതല്‍ ജില്ലാ അതിര്‍ത്തിയായ ആനയടി വയ്യാങ്കര വരെയുള്ള ദൂരമാണിത്. നിലവില്‍ രണ്ട് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് താലൂക്കിലെ ദേശീയപാത ഉള്‍പ്പെടുന്നത്. ശാസ്താംകോട്ട, ശൂരനാട് സ്റ്റേഷനുകളുടെ അധികാര പരിധിയിലാണിവ.
നിലവില്‍ ഹൈവേ പെട്രോളിംഗിന് മാത്രമായി ഈ സ്റ്റേഷനുകളില്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഹൈവേയായി ഉയര്‍ത്തിയതോടെ റോഡിലെ വേഗനിയന്ത്രണ സംവിധാനങ്ങള്‍ നീക്കം ചെയ്തിരുന്നു. നിലവിലെ റോഡിന്റെ വീതി കൂട്ടുകയോ റോഡിന്റെ അലൈന്‍മെന്റ് നേരെയാക്കുകയോ ചെയ്യാതെ ടാറിംഗ് മാത്രം ഹൈവേ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ വാഹനങ്ങള്‍ അമിതവേഗതയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇത് നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുന്നു.
കടപുഴ-ഭരണിക്കാവ് റോഡില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ചോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വേഗനിയന്ത്രണത്തിന്റെ അഭാവമാണ് അപകടങ്ങള്‍ക്ക് കാരണം. ചക്കുവള്ളി-ആനയടി റോഡില്‍ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. വൈകുന്നേരങ്ങളില്‍ ഇരുചക്ര വാഹന യാത്രികരായ സ്ത്രീകള്‍ക്ക് നേര്‍ക്ക് പൂവാലശല്യം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്‍എച്ച് 47ലെ ഗതാഗതക്കുരുക്കില്‍ നിന്നൊഴിവാകാനായി ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് പോകുന്നത്.
വാഹന പരിശോധനാ സംവിധാനങ്ങളും അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ഹൈവേ പെട്രോളിംഗിനായുള്ള ആവശ്യം ശക്തമായിട്ടുള്ളത്.
ആഭ്യന്തര വകുപ്പാണ് ഇതിന് വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. പട്രോളിംഗ് വാഹനങ്ങള്‍ നല്‍കുകയും പരിശോധനകള്‍ക്കായി സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും വേണം. അമിതവേഗതയും നിയമലംഘനങ്ങളും കണ്ടെത്താന്‍ ക്യാമറകളും സ്ഥാപിക്കണമെന്നാണ് ആവശ്യം.
















