ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത് ധര്‍മ്മ സംസദിന്റെ പ്രതിനിധി സമ്മേളന വേദിയില്‍ സന്ന്യാസി ശ്രേഷ്ഠന്മാര്‍
ഉഡുപ്പി: ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് തങ്ങള്‍ ഹിന്ദുസര്‍ക്കാരാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് ധര്‍മ്മ സംസദ്. മതേതര സര്‍ക്കാരുകളുടെ ജോലി ക്ഷേത്രഭരണമല്ലെന്നും അത് ഭരണഘടനാ ലംഘനമാണെന്നും ഉഡുപ്പിയില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് ധര്‍മ്മസംസദ് പ്രസ്താവിച്ചു.
കേരളത്തില്‍, ഗുരുവായൂരില്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ കയ്യേറിയതയടക്കമുള്ള സംഭവങ്ങള്‍ സംസദ് ചര്‍ച്ച ചെയ്തു.
മുമ്പും ഇതേ ക്ഷേത്രം പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ചെറുത്തതിനാല്‍ നടന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിക്ക് വന്‍ പോലീസ് സന്നാഹത്താല്‍, ഭക്തരെ പുറത്താക്കി കീഴടക്കുകയായിരുന്നു. ഈ നടപടി പരീക്ഷണമാണ്, വിജയിച്ചാല്‍ ഇടതു സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും ഇങ്ങനെ കൈപ്പിടിയിലാക്കുമെന്ന് ഭാരതത്തിലെ സംന്യാസി സമൂഹം ആശങ്കപ്പെടുന്നതായി സംസദ് പ്രസ്താവനയില്‍ പറഞ്ഞു. അതോടെ ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളെല്ലാം ദേവസ്വം ബോര്‍ഡുവഴി സര്‍ക്കാരിന്റേതാകും.
ക്ഷേത്രങ്ങള്‍ നോക്കിനടത്താനുള്ള ഹിന്ദുസമൂഹത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിത്.
ജനാധിപത്യത്തില്‍ വിശ്വാസത്തിനും ഭരണത്തിനും സന്തുലനം വേണം, അവിടെ സര്‍ക്കാര്‍ നടത്തിപ്പു വന്നാല്‍ വിശ്വാസത്തിന് ഇടമില്ലാതാകും. പുണ്യതീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വെറും ടൂറിസ്റ്റ കേന്ദ്രങ്ങളാവും. ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും മാത്രമാണിങ്ങനെ ഏറ്റെടുക്കുന്നതെന്നതും ദൗര്‍ഭാഗ്യമാണ്. ഇന്ത്യയില്‍ ഒരു സര്‍ക്കാരും ഇതുവരെ പള്ളിയിലോ മോസ്‌കിലോ കൈവെച്ചിട്ടില്ല. ഹിന്ദുക്ഷേത്രങ്ങള്‍ക്കു മാത്രമാണോ അവ്യവസ്ഥകളുള്ളതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.
ഭാരതത്തില്‍ ഒട്ടേറെ പള്ളികളും മോസ്‌ക്കുകളും ഗുരുതരായ അവ്യവസ്ഥകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇവയ്‌ക്കെതിരേ വിരലുയര്‍ത്താന്‍ പോലും ആരെങ്കിലും ധൈര്യം കാണിക്കുന്നുണ്ടോ? ക്ഷേത്രങ്ങള്‍ കയ്യേറാനുള്ള നീക്കം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍, ഈ ഗൂഢാലോചന പരാജയപ്പെടുത്താന്‍ വന്‍ പ്രക്ഷോഭം നടത്തും.
മുമ്പ് ഏറ്റെടുത്ത ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് തിരികെ കൊടുക്കണം. ഹിന്ദു സമൂഹം, സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസദ് ആഹ്വാനം ചെയ്തു. ക്ഷേത്രങ്ങള്‍ സുഘടിതമാക്കി, സാമൂഹ്യ നവേത്ഥാന കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ധര്‍മ്മ സംസദ് പ്രസ്താവനയില്‍ ആശ്യപ്പെട്ടു.
















