കട്ടപ്പന: രണ്ട് ദിനരാത്രങ്ങളായി കട്ടപ്പനയെ ഉത്സവ ലഹരിയില്‍ ആറാടിച്ച് ഭാരതീയ വിദ്യാനികേതന്റെ 17-ാമത് ഇടുക്കി ജില്ലാ കലോത്സവം സമാപിച്ചു. എല്ലാ മത്സരവും പൂര്‍ത്തീകരിച്ചപ്പോള്‍ 816 പോയിന്റുകളുമായി കട്ടപ്പന സരസ്വതി വിദ്യാപീഠം തൊടുപുഴയെ മറികടന്ന് ഓവറോള്‍ കരസ്ഥമാക്കി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കട്ടപ്പനയുടെ ഈ തിരിച്ച് വരവ്. 805 പോയിന്റുകളുമായി തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 436 പോയിന്റുമായി സരസ്വതി വിദ്യാനികേതന്‍ കുടയത്തൂരും, 299 പോയിന്റുകളോടെ സരസ്വതി വിദ്യാനികേതന്‍ ഉടുമ്പന്നൂരും, 288 പോയിന്റുകളോടെ സരസ്വതി വിദ്യനികേതന്‍ പാറക്കടവും തൊട്ടുപിന്നിലുണ്ട്. മത്സരയിനങ്ങള്‍ ഒരോന്നും പുരോഗമിക്കുമ്പോള്‍ തൊടുപുഴയിലെയും കട്ടപ്പനയിലേയും സ്‌കൂളുകള്‍ തമ്മിലുള്ള മത്സരം കാണികളെ രസം പിടിപ്പിച്ചു.
ജില്ലയിലെ 15 സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറിലധികം മത്സരാത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. ഏഴ് വേദികളിലായി നടന്ന മത്സരങ്ങള്‍ സംഘടനമികവുകൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സാധാരണ കലോത്സവങ്ങളില്‍ പതിവ് കാഴ്ചയാകാറുള്ള അപ്പീലുകള്‍ ഇല്ല എന്നതായിരുന്നു വിദ്യാനികേതന്‍ കലോത്സവത്തിന്റെ പ്രത്യേകത. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ അഡ്വ. മനോജ് എം. തോമസ് സമ്മാനദാനം നടത്തി. വിദ്യാനികേതന്‍ ജില്ലാ ഉപാധ്യക്ഷന്‍ ടി.കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീജാമോള്‍ എസ്., കലോത്സവ പ്രമുഖ് എം.കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















