കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ ചെരുപ്പില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡയറേേക്ടററ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി മുഖാദാര്‍ പുതിയനാലകത്ത് മാളിയേക്കല്‍ നൗഷാദ് (35) ആണ് 836.8 ഗ്രാം തൂക്കംവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കളിമണ്ണിനു സമാനമായ വസ്തുവില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച് ചെരിപ്പിന്റെ സോളിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. നേരത്തേ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന ഡി.ആര്‍.ഐ. സംഘം ഇയാളെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുകടന്ന ഉടനെ പിടികൂടുകയായിരുന്നു.
കൊടുവള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്തുമാഫിയയിൽ ഉൾപ്പെട്ടയാളാണ് ഇപ്പോൾ പിടിയിലായത്. ദുബായില്‍വെച്ച് പരിചയപ്പെട്ട കൊടുവള്ളി സ്വദേശിയാണ് ഇയാള്‍ക്ക് സ്വര്‍ണം നല്‍കിയത്. വിമാനടിക്കറ്റും 20,000 രൂപയുമാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്.
പിടികൂടിയ വസ്തു രാസപരിശോധനയ്‌ക്കും ഉരുക്കിമാറ്റലിനും ശേഷമാണ് സ്വര്‍ണം വേര്‍തിരിക്കനായത്. സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 25,52,698 രൂപയും അന്താരാഷ്‌ട്ര വിപണിയില്‍ 22,76,128 രൂപയും വിലവരും.
















