ആലപ്പുഴ: അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, പക്ഷിപ്പനി ആണോയെന്ന ആശങ്കയില്‍ കര്‍ഷകര്‍. രണ്ടു ദിവസമായി ചത്തൊടുങ്ങിയത് അയ്യായിരത്തിലേറെ താറാവുകളാണ്. കഞ്ഞിപ്പാടം, വണ്ടാനം പ്രദേശങ്ങളിലാണ് താറാവുകള്‍ ചത്തൊടുങ്ങിയത്.
ആഴ്ചകള്‍ക്ക് മുന്‍പ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൃഗ സംരക്ഷണവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇന്നലെ മരണസംഖ്യ ഉയര്‍ന്നതോടെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി ചത്ത താറാവുകളുടെ സാമ്പിളുകള്‍ രോഗ കാരണമറിയാന്‍ തിരുവല്ലയിലെ ലാബിലേയ്‌ക്ക് അയച്ചു.
പ്രദേശത്തെ പന്ത്രണ്ടോളം കര്‍ഷകരുടെ താറാവുകളാണ് ഇതുവരെ ചത്തത്. ദിവസം ആയിരക്കണക്കിന് രൂപയാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുവാന്‍ ചെലവ്. മൃഗ സംരക്ഷണ വകുപ്പ് സൗജന്യമായി നല്‍കേണ്ട വാക്‌സിനാണ് കര്‍ഷകര്‍ പണം ചെലവഴിച്ച് എടുക്കുന്നത്. കഴിഞ്ഞവര്‍ഷം പക്ഷിപ്പനി ബാധിച്ച് പതിനായിരകണക്കിന് താറാവുകള്‍ ചാകുകയും കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പതിവായി ഇത്തരത്തില്‍ താറാവുകള്‍ ചത്തൊടുങ്ങുകയും, പക്ഷിപ്പനി പടര്‍ന്നു പിടിക്കുകയും ചെയ്യുന്നതില്‍ ദുരൂഹതയുണ്ട്. ക്രിസ്തുമസ് സീസണ്‍ കാലയളവില്‍ പക്ഷിപ്പനി പ്രചാരണം ഉയരുന്നതില്‍ തമിഴ്‌നാട്ടിലെ ഇറച്ചി കോഴി മാഫിയയ്‌ക്ക് ബന്ധമുണ്ടോയെന്ന് കര്‍ഷകര്‍ക്കും സംശയം ഉണ്ട്.
നഷ്ടത്തിലായ താറാവ് കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. 2014 നവംബറിലാണ് കുട്ടനാട്ടില്‍ ആദ്യമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ലും പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തിരുന്നു. ഇത്തവണ താറാവുകള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
















