പത്തനംതിട്ട: റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും തമ്മിലുള്ള യുദ്ധം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റവന്യൂ മന്ത്രിക്ക് മൂക്കുകയറിടാനാണ് പി.എച്ച്.കുര്യനെ വകുപ്പില്‍ നിയമിച്ചിരിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മനസിലിരുപ്പ് അറിഞ്ഞാണ് കുര്യന്റെ പ്രവര്‍ത്തനം. റവന്യൂ മന്ത്രി അറിയാതെ മൂന്നാറില്‍യോഗം വിളിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സെക്രട്ടറിയെ നിലയ്‌ക്ക് നിര്‍ത്താന്‍ കഴിയാത്ത റവന്യൂ മന്ത്രിയോട് സഹതാപമാണ്. മൂന്നാറിലെ കൈയേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കാനാണ് മന്ത്രിതല സന്ദര്‍ശനമെന്നും ചെന്നിത്തല പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്‌ക്കുന്ന വിഷയത്തില്‍കോണ്‍ഗ്രസ് ശക്തമായി ഇടപെടും. യു.ഡി.എഫ് പ്രതിനിധി സംഘം ഡിസംബര്‍ ആറിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിക്കും. ഇടുക്കിയിലെ കര്‍ഷകരുടെ വിഷയവും കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്‌ക്കുന്നതും വെവ്വേറെ വിഷയങ്ങളാണ്. ഇതിനെ കൂട്ടിക്കുഴയ്‌ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















