നരേന്ദ്ര മോദിയും ബഞ്ചമിന്‍ നത്യനാഹുവും
ന്യൂദല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും. ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിത്. ജനുവരി 14 മുതല്‍ നാലുദിവസം നെതന്യാഹു ഇന്ത്യയിലുണ്ടാകും.
അഹമ്മദാബാദില്‍ നെതന്യാഹുവിനെ മോദി സ്വീകരിക്കും. 15, 16 തീയതികളില്‍ ഇസ്രായേല്‍ തലവന്‍ ദല്‍ഹിയിലുണ്ടാവും. ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി വലിയ സംഘം നെതന്യാഹുവിനൊപ്പം വരും. 2003 ല്‍ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ജനുവരി 18 ന്, ഇസ്രയേല്‍ പ്രധാനമന്ത്രി മുംബൈയ്‌ക്ക് പോകും. 2008 ല്‍ ഭീകരാക്രമണം നടന്ന, മുംബൈ ജൂവിഷ് ഛബഡ് ഹൗസ് നെതന്യാഹു സന്ദര്‍ശിക്കും. ആഗ്ര സന്ദര്‍ശിക്കാനും സാധ്യത. വിശദ പരിപാടികള്‍ തയ്യാറാകുന്നതേ ഉള്ളു.
മുംബൈ ആക്രമണം, 2008

ഭീകരാക്രമണം നടന്ന ഛബഡ് ഹൗസ്, പഴയ ചിത്രം.
രണ്ട് പാക്കിസ്ഥാനി ഭീകരര്‍ 2008 നവംബര്‍ 26ന് മുംബൈ നരിമാന്‍ ഹൗസിലെ അഞ്ചുനിലക്കെട്ടിടമായ ജൂവിഷ് ഛബഡ് ഹൗസ് ആക്രമിക്കുകയായിരുന്നു. മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനു ശേഷമാണ് ഭീകരരെ കീഴടക്കിയത്. അതിനകം, ജൂതമതവിജ്ഞാന കേന്ദ്രവും വിവിധ ഇസ്രായേല്‍ ഔദ്യോഗിക ആസ്ഥാനങ്ങളും ഉള്‍പ്പെടെയുള്ള സമുച്ചയത്തിന്റെ ചുമതലക്കാരനായിരുന്ന ഗാവ്‌റില്‍, ഭാര്യ റിവ്ക എന്നിവരെ വകവരുത്തിയിരുന്നു. അന്ന് രണ്ടു വയസായിരുന്ന മകന്‍ ബേബി മോഷെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യക്കാരിയായ സാന്ദ്രയാണ് രക്ഷപ്പെടുത്തിയത്.
















