ന്യൂയോര്‍ക്ക്: ജനവിശ്വാസത്തില്‍ മോദി സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഏറെ മുന്നിലെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം സര്‍വെ. ജനങ്ങളുടെ വിശ്വാസം കണക്കിലെടുത്താല്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് മോദി സര്‍ക്കാര്‍. 82 ശതമാനം പേരുടെ വിശ്വാസം ആര്‍ജ്ജിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരാണ് ഒന്നാമത്. ഇന്തോനേഷ്യ രണ്ടാമത് (82 ശതമാനം) മോദി സര്‍ക്കാരിന് 73 ശതമാനം പേരുടെ പിന്തുണയാണുള്ളത്.
ലക്‌സംബര്‍ഗ് (68), നോര്‍വെ (66), കാനഡ (64) എന്നിങ്ങനെ തുടര്‍ സ്ഥാനങ്ങള്‍. 43 ശതമാനം പിന്തുണയോടെ ആസ്‌ട്രേലിയ പതിനഞ്ചാം സ്ഥാനത്ത്. നാലില്‍ മൂന്ന് ജനങ്ങളും മോദി സര്‍ക്കാരിനെ ഏറ്റവും വിശ്വസ്തമെന്ന് പുകഴ്‌ത്തുമ്പോള്‍ അമേരിക്കയിലെ ട്രംപ് സര്‍ക്കാരിന്റെ കാര്യം കഷ്ടത്തിലാണ്. മൂന്നിലൊന്ന് അമേരിക്കക്കാര്‍ മാത്രമേ ട്രംപിനെ വിശ്വസിക്കുന്നുള്ളൂ. ഗ്രീക്ക് സര്‍ക്കാരില്‍ പത്തിലൊന്ന് ജനങ്ങള്‍ക്കേ വിശ്വാസമുള്ളൂ.
സമ്പദ് വ്യവസ്ഥ, രാഷ്‌ട്രീയസ്ഥിരത, അഴിമതി, വിസ്‌ഫോടനാത്മകമായ സംഭവങ്ങള്‍ തുടങ്ങിയവയിലെ ജനങ്ങളുടെ വിലയിരുത്തലാണ് സര്‍വെയുടെ അടിസ്ഥാനം. അഴിമതിവിരുദ്ധ നടപടികളും നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയുമാണ് മോദി സര്‍ക്കാരിലുള്ള ജനവിശ്വാസം ഉയര്‍ത്തിയത്.
ആഗോളതലത്തില്‍ പല രാജ്യങ്ങളിലും ഭരണാധികാരികളിലുള്ള ജനവിശ്വാസം കുറഞ്ഞുവരുന്നു. ചൈന, ഫിന്‍ലാന്‍ഡ്, ഗ്രീസ്, സ്ലോവേനിയ തുടങ്ങിയ സര്‍ക്കാരുകള്‍ക്കാണ് ഏറ്റവുമധികം ജനവിശ്വാസം നഷ്ടപ്പെട്ടത്.
















