തിരുവനന്തപുരം: പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കൂട്ടിയിടുന്നത് ഒഴിവാക്കി അവ എത്രയും വേഗം നീക്കം ചെയ്യാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തൊണ്ടിമുതല്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍, മണല്‍-മയക്കുമരുന്ന്-കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍, എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത് കൈമാറുന്ന വാഹനങ്ങള്‍, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പിടിച്ചെടുത്ത് കൈമാറുന്ന വാഹനങ്ങള്‍ എന്നിവയാണ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത്. ഓരോ ജില്ലാ പോലീസ് മേധാവിയും അവരവരുടെ ജില്ലകളില്‍ സൂക്ഷിക്കുന്ന വാഹനങ്ങളെ തരംതിരിച്ച് എത്രകാലമായി സൂക്ഷിച്ചുവരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ രണ്ട് ആഴ്ചയ്‌ക്കകം പോലീസ് ആസ്ഥാനത്ത് ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. ക്രിമിനല്‍ കേസുകളില്‍ നിയമപരമായ ആവശ്യകത വിലയിരുത്തി മാത്രമേ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പാടുള്ളു.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അനുമതി വേണം. ഇക്കാര്യം ജനറല്‍ ഡയറിയിലും കേസ് ഡയറിയിലും രേഖപ്പെടുത്തണം. ചെറിയ കേസുകളിലും പെറ്റികേസുകളിലും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് രസീത് നല്‍കി കേസന്വേഷണ സമയത്തോ കേസ് വിചാരണവേളയിലോ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തോടെ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കണം.
ജില്ലാ പോലീസ് മേധാവിമാര്‍ ഒരു ടീമിനെ നിയോഗിച്ചോ പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയോ അവരവരുടെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളിലെ ഇതിനകം പിടിച്ചെടുത്ത വാഹനങ്ങള്‍ നിയമപ്രകാരം കഴിയുന്നതും വേഗം വിട്ടുനല്‍കുന്നതിന് നടപടിയെടുക്കണം.
















