കൊച്ചി: ബാങ്ക് വായ്‌പാ നിരക്കുകൾ വരും നാളുകളിൽ കാര്യമായ തോതിൽ കുറയാമെന്ന് കേന്ദ്ര ധനകാര്യ വകുപ്പിലെ വിശകലന വിദഗ്ധൻ അഭിഷേക് ആനന്ദ് ഐഎഎസ്. നോട്ട് അസാധുവാക്കലിന്റെ നേട്ടം സാധാരണക്കാരുടെ ജീവിതത്തിലും അതിലൂടെ രാജ്യവികസന പ്രവർത്തനത്തിലും അങ്ങനെ പ്രതിഫലിക്കുമെന്നും അഭിഷേക് പറഞ്ഞു.
ജന്മഭൂമിയുടെ ഇൻക്ലൂസീവ് ഇന്ത്യാ ഇക്കണോമിക് ഫോറം 2017 ൽ സംസാരിക്കുകയായിരുന്നു അഭിഷേക്. നോട്ട് അസാധുവാക്കല്‍ ഗ്രാമീണ മേഖലയിൽ തൊഴിൽ 26 ശതമാനം വർധിപ്പിച്ചു. ബാങ്ക് നിക്ഷേപങ്ങൾ വൻതോതിൽ കൂട്ടി. അടുത്ത സാമ്പത്തിക വർഷത്തിൽ അഞ്ചു ലക്ഷം അധിക നികുതി ദായകർ ഉണ്ടാകാം. രാജ്യം സാമ്പത്തിക വളർച്ചയിൽ പുതിയ കുതിപ്പു നേടുകയാണ്. നോട്ട് റദ്ദാക്കലിനു മുമ്പേ ആഭ്യന്തര ഉൽപ്പാദന വളർച്ചയിൽ നേരിയ മാന്ദ്യം ഉണ്ടായി.
റദ്ദാക്കൽ നടപടി ഒരു വർഷം പിന്നിടുമ്പോൾ വളർച്ച ശക്തി പ്രാപിക്കുന്നു. അടുത്ത മൂന്നു നാലു വർഷത്തിനകം നോട്ടു റദ്ദാക്കലിന്റെ മുഴുവൻ ഗുണവും ലഭ്യമാകും – അഭിഷേക് പറഞ്ഞു.
















