കല്‍പ്പറ്റ:വിദേശ പൗരന്റെ വയനാട്ടിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേററും മൈസൂരുവിലെ 90 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 500 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസ് പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം തേടി കര്‍ണാടക പോലീസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.പരേതനായ എഡ്വിന്‍ ജുബര്‍ട്ട് വാനിങ്കന്റെ സ്വത്ത് തട്ടിയെടുത്തുവെന്നാണ് കേസ്.
വാനിങ്കന്റെ ദത്ത്പുത്രനെന്ന് അവകാശപ്പെട്ട മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ ഉള്‍പ്പെട്ട സ്വത്ത് തട്ടിപ്പ് അന്വേഷണ രേഖകള്‍ പരിശോധിക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും കൂടുതല്‍ സമയം എടുക്കുമെന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്.വ്യാജരേഖ ഉണ്ടാക്കിയും വഞ്ചിച്ചും സ്വയം ദത്ത് പുത്രനെന്ന് സ്ഥാപിച്ച് മൈസൂരിലെ സ്വത്തും കാട്ടിക്കുളത്തെ 221 ഏക്കര്‍ എസ്‌റ്റേറ്റും തട്ടിയെടുത്തതായി കാണിച്ച് 2013 ല്‍ വാനിങ്കന്‍ മൈസൂര്‍ നസറാ ബാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി ഒരാഴ്ചക്കുള്ളില്‍ ജുബര്‍ട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
സ്വത്ത് തട്ടിപ്പ് കേസ് 2014 ജൂണില്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ വാനിങ്കന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി. വാനിങ്കന്റെ മരണവും സ്വത്ത് തട്ടിപ്പും മൈക്കിള്‍ ഈശ്വറിന്റെ ബന്ധങ്ങളും പുനരന്വേഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
ആലത്തൂര്‍ എസ്‌റ്റേറ്റ് കഷണങ്ങളാക്കി മുറിച്ച് അനധികൃതമായി തിരുനെല്ലി പഞ്ചായത്തിനും ചില രാഷ്ടീയ നേതാക്കള്‍ക്കും നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. വാനിങ്കനെ അവസാനനാളുകളില്‍ അദ്ദേഹത്തിന്റെ ഒഴിഞ്ഞ ഫാം ഹൗസില്‍ തടവറയിലാക്കിയതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. വാനിങ്കന് വിദേശ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതിനാല്‍ ഇന്റര്‍പോളിന്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. കാട്ടിക്കുളത്തെ 221 ഏക്കര്‍ ഭൂമി 1964ലെ അന്യം നില്‍പ്പും കണ്ടു കെട്ടലും നിയമപ്രകാരം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്.
















