പളളുരുത്തി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ തെരുവുനായകളുടെ വിളയാട്ടം. ആട്ടിന്‍ കുഞ്ഞടക്കം നാല് ആടുകളെ നായക്കൂട്ടം കൊന്നു. ജീവനക്കാര്‍ക്ക് നേരേയും തെരുവുനായകള്‍ പരാക്രമം നടത്തി. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആശുപത്രി വളപ്പില്‍ അകപ്പെട്ട ആടുകളെ തെരുവുനായകള്‍ കടിച്ചുകീറിയത്.
ഇതിനിടെ ആശുപത്രി ജീവനക്കാരനുനേരെയും നായകള്‍ കുരച്ചു ചാടി. രാത്രികാലങ്ങളില്‍ ആശുപത്രി ചുറ്റുവളപ്പില്‍ തെരുവുനായകളുടെ ശല്യം ഏറെയാണെന്ന് രോഗികള്‍ പരാതിപ്പെട്ടു. ചില സമയങ്ങളില്‍ ആശുപതി വരാന്തകളിലും നായക്കൂട്ടം വരാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. ആശുപത്രിയുടെ മതില്‍ കെട്ടിനുള്ളില്‍ അകപ്പെട്ട ആടുകളെയാണ് നായകൂട്ടം കൊന്നത്. നായ ശല്യത്തെ കുറിച്ച് നഗരസഭാ അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
















