കൊച്ചി: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമല തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള റെയില്‍വേയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ കയറ്റാനുള്ള പ്രത്യേക അനുമതി റെയില്‍വേ ഇത്തവണ അനുവദിച്ചു. ശബരിമല തീര്‍ത്ഥാടകരെ സ്റ്റേഷനില്‍ നിന്ന് കൊണ്ട് പോകാനും, ഇറക്കാനുമാണ് അനുമതി. 11 സീറ്റുള്ള വാഹനം മുതല്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വരെ അനുമതി നല്‍കാനാണ് തീരുമാനം.
കൊല്ലത്ത് നിന്നും വിശാഖപട്ടണം, ഹൈദരാബാദ്, ചെന്നൈ എഗ്മോര്‍ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. ഈ സര്‍വീസുകള്‍ക്ക് എറണാകുളം നോര്‍ത്ത്്, സൗത്ത് സ്റ്റേഷനുകളിലായി താല്ക്കാലിക സ്റ്റോപ്പ് അനുവദിക്കും.
എറണാകുളം സൗത്ത്- നോര്‍ത്ത്, തൃശൂര്‍, ഗുരുവായൂര്‍, തിരുവനന്തപുരം, ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല, കായംകുളം, കന്യാകുമാരി സ്റ്റേഷനുകളില്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. റെയില്‍വേ സംരക്ഷണസേനയുടെ കീഴില്‍ ദ്രുത പ്രതികരണസംഘത്തിന് രൂപം നല്‍കും. ട്രെയിനുകളിലും സ്റ്റേഷന്‍ പരിസരങ്ങളിലും സ്റ്റൗ, ഗ്യാസ് സിലിണ്ടറുകള്‍, തീപിടിക്കാവുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നത് തടയാന്‍ പ്രചാരണം നടത്തും.
സൗത്ത്, നോര്‍ത്ത് സ്‌റ്റേഷന്‍ പരിസരം ശുചീകരിക്കാനുള്ള നടപടികളും മണ്ഡലകാലത്ത് മുമ്പായി പൂര്‍ത്തിയാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
















