കണ്ണൂര്‍: വ്യത്യസ്ത സംഭവങ്ങളില്‍ മോഷ്ടാക്കളായ മൂന്ന് പേര്‍ പോലീസ് പിടിയിലായി.
വീട്ടിവരാന്തയിലിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും മൂന്നേകാല്‍ പവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച് രക്ഷപ്പെട്ട മോഷ്ടാവിനെ അഞ്ചര മാസത്തിന് ശേഷമാണ് ചക്കരക്കല്ല് പോലീസ് പിടികൂടിയത്. വാരം എടക്കളോത്ത് സൂരജ്(27)ആണ് പിടിയിലായത്. കഴിഞ്ഞ മെയ് 18 ന് പള്ളിപ്രത്തെ ഷൈലജയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്താണ് സൂരജും സുഹൃത്ത് ഷാഹുല്‍ ഹമീദും രക്ഷപ്പെട്ടത്. സൂരജിന്റെ കൂട്ടാളി ഷാഹുല്‍ ഹമീദ് എടക്കാട്ടെ ഒരു മാലമോഷണക്കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. സൂരജിനെ കോടതി റിമാന്റ് ചെയ്തു.
ജില്ലക്കകത്തും പുറത്തുമായി നിരവധി മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട രണ്ടു മോഷ്ടാക്കളെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ആലക്കോട് ലഡാക്കില്‍ താമസിക്കുന്ന മുബാറക്(25), യദു(26) എന്നിവരാണ് പിടിയിലായത്. ലഡാക്കില്‍ നിന്നും ആലക്കോട് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 7 ന് ഉച്ചക്ക് എരിപുരം റസ്റ്റ് ഹൗസിന് സമീപത്തുവെച്ച് അതിയടം വീരന്‍ചിറയിലെ സുമതിയുടെ രണ്ടരപ്പവന്‍ താലിമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളാണ് ഇവര്‍. ഇതിന് പുറമേ തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മാലമോഷണവുമായു ഇവര്‍ക്ക് ബന്ധമുള്ളതായും സൂചനയുണ്ട്. ഓരോ പ്രദേശങ്ങളിലും താമസിച്ച് മോഷണം നടത്തിയ ശേഷം ആ സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റലാണ് ഇവരുടെ രീതി.
















