തലശ്ശേരി: തലശ്ശേരി മേഖലയില്‍ കലാപാന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള നീക്കം സിപിഎം ഉപേക്ഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. ജനരക്ഷായാത്രയുടെ വിജയവും ജനജാഗ്രതാ യാത്രയുടെ പരാജയവും പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത് വഴിതെറ്റിക്കാനാണ് സിപിഎം വ്യാപകമായ അക്രമങ്ങള്‍ നടത്തുന്നത്. തലശ്ശേരി നിയോജക മണ്ഡലം മഹിളാമോര്‍ച്ച പ്രസിഡണ്ട് സ്മിത ജയമോഹന്റെ വീടിനും കാറിനും നേരെ അക്രമത്തില്‍ ബിജെപി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു അക്രമം. ആറോളം വരുന്ന സിപിഎം അക്രമികള്‍ കാര്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് ജയമോഹന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സിപിഎം ഏരിയാ കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരം അക്രമങ്ങള്‍ നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. പ്രതികളെ അടിയന്തിരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി, ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
















