തിരുവനന്തപുരം: നഗരം കാവിയണിഞ്ഞു. എവിടെ നോക്കിയാലും എബിവിപിയുടെ കൊടികളും തോരണങ്ങളും. റോഡിലും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും പ്രധാന കേന്ദ്രങ്ങളിലും എബിവിപിയുടെ കൊടിയേന്തിയ പ്രവര്‍ത്തകരും വാഹനങ്ങളും. ചലോ കേരളാ മഹാറാലിയില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിന് വിഭാവനം ചെയ്ത വ്യവസ്ഥകള്‍ അതേപടി നടപ്പിലായി.
റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എബിവിപിയുടെ കൊടിയേന്തിയ വോളന്റിയര്‍മാരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഹൃദ്യമായി സ്വീകരിച്ച് വ്യവസ്ഥ ചെയ്ത താമസസ്ഥലത്തേക്ക് എത്തിച്ച് അവരുടെ അനുബന്ധകാര്യങ്ങള്‍ക്കായി വ്യവസ്ഥയും ചെയ്യപ്പെട്ടു. ബസ്സുകളില്‍ എത്തുന്നവരെയും നഗരത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ എത്തിയവരെയും ഹൃദ്യമായി സ്വീകരിച്ചു. കേരളത്തിലേക്ക് തിരിച്ച സംഘത്തോടൊപ്പം ചേരാന്‍ സാധിക്കാതെ റാലിയില്‍ പങ്കെടുക്കാനായി തനിച്ചെത്തിയവരെ വരെ സ്വീകരിക്കാനും എബിവിപി വോളന്റിയര്‍മാര്‍ കാത്തുനിന്നു. പ്രമുഖരെ സ്വീകരിക്കാന്‍ പ്രത്യേകം സംഘങ്ങളെയാണ് നിയോഗിച്ചത്. ശാസ്ത്രജ്ഞര്‍, പ്രൊഫസര്‍മാര്‍, ഗവേഷകര്‍, സാംസ്‌കാരിക നായകര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങി ഉന്നതര്‍ എത്തിക്കഴിഞ്ഞു. മഹാറാലിക്ക് ശേഷം മടങ്ങുന്നതുവരെ ഈ സംവിധാനം പ്രവര്‍ത്തിക്കും.
സമ്മേളനത്തോടനുബന്ധിച്ച് എബിവിപി സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സംസ്ഥാനം ചര്‍ച്ചചെയ്തു. പ്രചാരണ വാഹനങ്ങളും ബോര്‍ഡുകളും നോട്ടീസുകളും മഹാറാലിക്ക് മുന്നോടിയുള്ള പരിപാടികള്‍ക്ക് കൊഴുപ്പേകി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 50,000 ലേറെ പേര്‍ മഹാറാലിയില്‍ അണിനിരക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 50,000തോളം പേര്‍ പങ്കെടുക്കും. റാലി പുത്തരിക്കണ്ടത്ത് എത്തുന്നതോടെ മഹാസമ്മേളനത്തിന് തുടക്കമാകും. പ്രതികൂലമായ സാഹചര്യത്തില്‍ എബിവിപിയെ നയിച്ച മുന്‍പ്രവര്‍ത്തകര്‍, മാര്‍ക്‌സിസ്റ്റ് അക്രമങ്ങളില്‍ ബലിദാനികളായവരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
















