തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ടിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഇത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണോ അതോ സരിത റിപ്പോര്‍ട്ടാണോ എന്ന് സംശയമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു കത്തിന്റെ പേരില്‍ മാത്രമാണ് കേസെടുക്കുന്നത്. സരിതയുടെ കത്ത് റിപ്പോര്‍ട്ടില്‍ രണ്ടു പ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിടാതിരുന്നതില്‍ സംശയങ്ങളുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികാര രാഷ്‌ട്രീയത്തിന്റെ പാതയിലേക്കാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. സോളാറുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. താന്‍ നിന്നു കൊടുത്തിട്ടില്ല. എന്തുവന്നാലും സഹിക്കും. ഒരാളുടെ ബ്ലാക് മെയിലിങ്ങിന് മാത്രം വിധേയനായി. ഇന്ന് അതില്‍ ദുഃഖിക്കുന്നു. അത് പിന്നീട് പറയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
















