തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ മുഖ്യമന്ത്രിമാരായിരുന്ന ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് വ്യക്തമാക്കുന്ന കമ്മീഷന്‍ ഉമ്മന്‍ചാണ്ടി സരിതയില്‍നിന്ന് കോഴ വാങ്ങിയെന്നും കണ്ടെത്തി. പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍നായരില്‍ നിന്ന് വാങ്ങിയ 40 ലക്ഷം രൂപയില്‍ 32 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്ക് സരിത കോഴയായി നല്‍കുകയായിരുന്നു. യുഡിഎഫിനായി ആകെ 2.16 കോടി കൈപ്പറ്റിയതായിട്ടാണ് കണ്ടെത്തല്‍.
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്ര ബിന്ദുവായി. ഉപഭോക്താക്കളെ വഞ്ചിക്കാനാകുംവിധം ടീം സോളാറിന് അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയും ഓഫീസുമാണ്. ഇതിനൊക്കെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. കേസെടുത്ത് അന്വേഷിക്കണം. സരിതയെ പരിചയമില്ല എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റായിരുന്നു.
ടീം സോളാര്‍ കമ്പനി ആരംഭിച്ച 2011 മുതല്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു. സരിതയെ അറിയില്ലെന്ന വാദം പൊളിക്കാന്‍ മൂന്നു സംഭാഷണങ്ങളും രണ്ട് സാഹചര്യത്തെളിവുകളും സോളാര്‍ കമ്മീഷന്‍ മുന്നോട്ടു വയ്‌ക്കുന്നു. സരിതയെ മന്ത്രി ആര്യാടന്‍ മുഹമ്മദിന് പരിചയപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധത്തിന്, ഉമ്മന്‍ചാണ്ടിയുടെ അനുയായി തോമസ് കൊണ്ടോട്ടിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും മറ്റ് അനുബന്ധ രേഖകളും തെളിവാണ്. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുള്ള തോമസ് കൊണ്ടോട്ടി സരിതയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ, പി. മാധവന്‍ എംഎല്‍എ സരിതയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ, ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ച് മടങ്ങിയ ശേഷം മൗണ്ട് സിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കളമണ്ണില്‍ സരിതയുടെ െ്രെഡവര്‍ വേണുഗോപാലുമായി സംസാരിക്കുന്നതിന്റെ ഓഡിയോ, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയാണ് പ്രധാന തെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതുകൂടാതെ 2011ല്‍ മുഖ്യമന്ത്രിയുടെ പിഎയെ വിളിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാമെന്ന് സരിത അറിയിച്ചതും ബിജു രാധാകൃഷ്ണന്‍ സ്വകാര്യമായി മുഖ്യമന്ത്രിയെ കണ്ടതും സാഹചര്യത്തെളിവുകളാണെന്നും കമ്മീഷന്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ദല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്‌ക്ക് സരിത 25 ലക്ഷം കൈമാറിയെന്നത് സാഹചര്യത്തെളിവുകളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ കഴമ്പുള്ളതാണ്. തോമസ് കുരുവിള ഇടപ്പഴഞ്ഞിയിലെ വീട്ടിലെത്തി 90 ലക്ഷം രൂപ കൈപ്പറ്റിയെന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു.
















