കൊച്ചി: കൈയേറിയത് സാധാരണക്കാരനായിരുന്നെങ്കില്‍ വേഗം നടപടിയെടുക്കുമായിരുന്നില്ലേ? ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുമായിരുന്നില്ലേ? മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ?
സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങളാണിത്. ഇന്നലെ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റക്കേസ് പരിഗണിക്കവെ കോടതിയുടെ വിമര്‍ശനത്തോടെയുള്ള ഈ കടുത്ത ചോദ്യങ്ങള്‍. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടയിട്ടും ചാണ്ടിയെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനുള്ള കടുത്ത തിരിച്ചടിയായി കോടതി പരാമര്‍ശങ്ങള്‍.
സാധാരണക്കാരന്റെ കൈയേറ്റമായിരുന്നെങ്കില്‍ വേഗം നടപടിയുണ്ടാകുമായിരുന്നില്ലേയെന്നാണ് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വിമര്‍ശിച്ചത്. ഇത്തരം കാര്യങ്ങളില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി പൊതുസ്ഥലം കൈവശപ്പെടുത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍. മുകുന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ പിന്മാറിയിരുന്നു. ചാണ്ടിക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖര സമിതി എന്നിവര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഭൂമി കൈയേറിയെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടോയെന്ന് ഇന്നലെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. കൈയേറ്റം കണ്ടെത്തിയോയെന്നു വ്യക്തമാക്കാനും ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുന്നെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും കൈയേറ്റത്തിന്റെ സ്വഭാവവും വിശദീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സര്‍വെ ഭാഗികമായി നടത്താനേ കഴിഞ്ഞുള്ളൂവെന്നും കായല്‍ ഭൂമിയിലെ വെള്ളം കൃഷിക്കായി വറ്റിക്കുമ്പോഴേ അതു പൂര്‍ത്തിയാക്കാനാകൂയെന്നും അറ്റോര്‍ണി വിശദീകരിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷമേ നടപടി സാധ്യമാകു. കളക്ടറുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
സാധാരണക്കാരനാണ് കൈയേറിയതെങ്കില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടിയെടുക്കുമായിരുന്നില്ലേയെന്ന് ഈ ഘട്ടത്തിലാണ് കോടതി ചോദിച്ചത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. തുല്യ നീതി ഉറപ്പാക്കാനാണ് ഞങ്ങള്‍ ഇവിടെയിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ. അതിന്റെ നിയമസാധുത പരിശോധിക്കാം. ഈ വിഷയത്തില്‍ വേറെയും ഹര്‍ജികള്‍ നിലവിലുണ്ട്. സമാന സ്വഭാവമുള്ള ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കുന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്‌ക്കു വിടുന്നു. അദ്ദേഹം അനുവദിച്ചാല്‍ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കും, ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
















