കോഴിക്കോട്: 32 ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലംഗസംഘത്തെ കൊടുവള്ളി പോലീസ് പിടികൂടി. കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറുകള്‍, പ്രിന്ററുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. ബംഗലുരുവിലെ ഹൊസൂരില്‍ നിന്നാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്.
സംഘത്തിലെ കണ്ണിയായ പൂനൂര്‍ പെരിങ്ങളം വയല്‍ പറയരുകണ്ടി വീട്ടില്‍ സാജു (46) ആണ് ആദ്യം പോലീസ് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസൂരില്‍ നടത്തിയ പരിശോധനയിലാണ് പൂനൂര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ്, കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ മുക്കൂട്ടില്‍ വീട്ടില്‍ ഷിഹാബ്, പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ വിപിന്‍ എന്നിവരെ പിടികൂടുന്നത്. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ 2000 രൂപയുടെ 970 കള്ളനോട്ടുകളും 500 രൂപയുടെ 24 കെട്ട് (12 ലക്ഷം) അടക്കം 31,40,000 കള്ളനോട്ടുകള്‍ പിടികൂടി. ഒരു പേപ്പറില്‍ നാല് നോട്ട് പ്രിന്റ് ചെയ്ത 500 രൂപയുടെ 700 പേപ്പറുകള്‍, ആറു പ്രിന്ററുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, ഒരു സ്‌കാനര്‍, സ്‌ക്രീന്‍പ്രിന്റിനുള്ള ഉപകരണം, പ്രിന്റിംഗ് മഷി, പ്രിന്റിംഗ് കളര്‍ കാട്രിഡ്ജ് എന്നിവയും പിടികൂടി.
പ്രതികള്‍ കോഴിക്കോട്, കൊല്ലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായാണ് പോലീസിന് ലഭിക്കുന്ന വിവരം. റിസര്‍വ് ബാങ്ക് എന്ന് സ്‌പെല്ലിംഗ് തെറ്റിച്ചാണ് നോട്ടുകളില്‍ എഴിതിയിരുന്നത്. ഷിഹാബ്, വിപിന്‍, ഗോള്‍ഡ് ജോസഫ് എന്നിവര്‍ നേരത്തെ കള്ളനോട്ട് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.
നവംബര്‍ മൂന്നിന് എളേറ്റില്‍ വട്ടോളി പെട്രോള്‍ പമ്പില്‍ സാജു നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ പമ്പ് ജീവിക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാജുവിന്റെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 500 രൂപയുടെ 10 നോട്ടുകള്‍ കണ്ടെത്തി.
സാജുവിനെതിരെ കേസ്സെടുക്കുകയും ഇയാളുടെ കട റെയ്ഡ് നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് 50,000 രൂപയുടെ കള്ളനോട്ടുകള്‍ കൂടി കണ്ടെത്തി. സാജുവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന കാസര്‍കോട് സ്വദേശി ശിഹാബിനെക്കുറിച്ചും ഇയാള്‍ ബംഗലുരുവിലെ ഹൊസൂരില്‍ നിന്നാണ് കള്ളനോട്ടുകള്‍ കൊണ്ടുവരുന്നതെന്നും മനസ്സിലായത്. തുടര്‍ന്നാണ് പോലീസ് സംഘം ഹൊസൂരിലെത്തി റെയ്ഡ് നടത്തിയത്.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌കരന്റെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.സി. സജീവന്‍, കൊടുവള്ളി സിഐ എന്‍. ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ കൊടുവള്ളി എസ്‌ഐ പ്രജീഷ്, താമരശ്ശേരി എസ്‌ഐ ജിതേഷ്, എഎസ്‌ഐ രാജീവ് ബാബു, സിപിഒ ഹരിദാസന്‍, ഷിബില്‍ ജോസഫ്, കൊടുവള്ളി എഎസ്‌ഐ ജ്യോതി, സിപിഒ അബ്ദുള്‍ റഹിം, സൈബര്‍ സെല്‍ എഎസ്‌ഐ സത്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















