കൊച്ചി: വായില്‍ തുണിതിരുകി പ്ലാസ്റ്റര്‍ കൊണ്ട് വായ മൂടിക്കെട്ടി കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം നെട്ടൂര്‍ കായലില്‍ കണ്ടെത്തി. മൃതദേഹമുണ്ടായിരുന്ന ചാക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ നിറച്ച മറ്റൊരു ചാക്കില്‍ കെട്ടി താഴ്‌ത്തിയ നിലയിലായിരുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന നെട്ടൂര്‍ – കുമ്പളം പാലത്തിനു സമീപം കള്ളുഷാപ്പിന് സമീപത്താണ് 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ഒരാഴ്ചത്തെ പഴക്കം കണക്കാക്കുന്നു. വെള്ള പുള്ളികളുള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു വേഷം. ഉച്ചയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊലപാതകമാണെന്ന നിഗമനത്തിന്റെ വിലയിരുത്തലില്‍ പോലീസ് അന്വേഷണം തുടങ്ങി. ഐജി പി. വിജയന്‍, ഡിസിപി ആര്‍. കറുപ്പസാമി, എസിപി കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്‍, ഹില്‍പാലസ് സിഐ പി.എസ്. ഷിജു, മരട് എസ്‌ഐ എം. സുജാതന്‍ പിള്ള, പനങ്ങാട് എസ്‌ഐ റെജിന്‍ എം. തോമസ്, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.
















