ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലപാതക കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഏഴാം പ്രതി അഡ്വ. ഉദയഭാനുവിനെ കോടതിയില്‍ എത്തിച്ചു. പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ തിങ്കളാഴ്ചയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് രാവിലെ 11 ന് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദശത്തെ തുടര്‍ന്നാണ് ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കിയത്.
നിയമം അറിയുന്ന താന്‍ ഇത്തരത്തില്‍ ഒരു കുറ്റം ചെയ്യാന്‍ തയ്യാറാകില്ലെന്ന നിലപാടിലാണ് ഇപ്പോഴും ഉദയഭാനു. എന്നാല്‍ ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും അതിനാല്‍ മൊഴിയുടെ ആവശ്യമില്ലെന്നും പോലീസ് പറയുന്നു. തെളിവുകള്‍ക്കാണ് കേസില്‍ പ്രാധാന്യമെന്നും ഡിവൈഎസ്പി എസ.് ഷംസുദ്ദീന്‍.
ഉദയഭാനുവിന് കേസിലുള്ള ഗൂഢാലോചനക്ക് കൂടുതല്‍ വ്യക്തമായ തെളിവുകള്‍ കഴിഞ്ഞ ദിവസം ചമണാംപതി എസ്റ്റേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ ലഭിച്ചതായി പോലീസ് പറയുന്നു.
ഉദയഭാനുവും ഡ്രൈവറും രാജീവും ജോണിയും ഒരുമിച്ച് എസ്റ്റേറ്റില്‍ വന്നിട്ടുണ്ടെന്ന് കാവല്‍ക്കാരന്‍ മൊഴി നല്‍കി. 2016 ലാണ് എസ്റ്റേറ്റ് വാങ്ങുവാന്‍ തീരുമാനിച്ചതും അഡ്വാന്‍സായി ഉദയഭാനു അന്‍പത് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തത്. രാജീവ് ഇടനിലക്കാരനായിട്ടായിരുന്നു കച്ചവടം നടത്തിയത്. ആറ് മാസത്തിനുള്ളില്‍ ഭൂമി തിരിച്ചെടുക്കാമെന്നായിരുന്നു കരാറെങ്കിലും ഏഴരയേക്കറോളം ഭൂമി നോട്ട് നിരോധനത്തോടെ എടുക്കുവാന്‍ സാധിക്കാതെ വന്നു.
അഡ്വാന്‍സ് നല്‍കിയ തുക രാജീവ് കൈപ്പറ്റിയെങ്കിലും ഉദയഭാനുവിന് നല്‍കുവാന്‍ തയ്യാറായില്ല. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. എത്ര തുക ഭൂമിയിടപാടില്‍ നഷ്ടമായിട്ടുണ്ടെന്ന് ഉദയഭാനു ഇതുവരെ പറയാന്‍ തയ്യാറായിട്ടില്ല.
















