തിരുവനന്തപുരം: പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനൊപ്പം കേരളത്തില്‍ മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഭീകരവാദികള്‍ മലയാളി പെണ്‍കുട്ടികളെ മനുഷ്യ ബോംബായി ഉപയോഗിക്കുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ സന്ദര്‍ശിച്ച ശേഷം രേഖ പറഞ്ഞു.
പെണ്‍കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. മതംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച പതിനൊന്ന് പരാതികള്‍ ഡിജിപിക്ക് കൈമാറി. ആരോപണ വിധേയരായ ചില സംഘടനകളെക്കുറിച്ചും അവയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതം മാറ്റത്തില്‍ ഈ സംഘടനകള്‍ക്ക് പങ്കുണ്ട്. ഇതെല്ലാം പരിശോധിക്കാമെന്ന് ഡിജിപി ഉറപ്പു നല്‍കി.
തന്നെ മതം മാറ്റിയവര്‍ നിരവധിപേരെ മതം മാറ്റുന്നുണ്ടെന്ന് അഖില തന്നോട് പറഞ്ഞതായും രേഖ പറഞ്ഞു. തന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നടപടിയെയും രേഖ വിമര്‍ശിച്ചു. സംസ്ഥാന കമ്മീഷന്‍ അവരുടെ രാഷ്ടീയ നേതാക്കളുടെ രാഷ്‌ട്രീയമാണ് പറയുന്നത്. എന്തുകൊണ്ട് ഇതേവരെ അഖിലയെ കാണാന്‍ സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ തയ്യാറായില്ല, രേഖ ചോദിച്ചു.
മതം മാറ്റത്തിന് വിധേയയായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷയുടെ അമ്മ ബിന്ദു സമ്പത്തുമായി രേഖ ഇന്നലെ തൈക്കാട് ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മകളെ കാണാതായ സംഭവം വിശദീകരിച്ച് ബിന്ദു പരാതിയും നല്‍കി. മകളെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും കണ്ടെത്താനുള്ള അന്വേഷണം ഫലപ്രദമല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. മകള്‍ നിമിഷയും മരുമകനും ഇവരുടെ 10 മാസം പ്രായമായ കുഞ്ഞും ഐഎസ് ഭീകരരുടെ തടവിലാണ്. വിവാഹശേഷമാണ് നിമിഷ മതം മാറിയത്.
പിന്നീട് ഇരുവരും രാജ്യം വിട്ടു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള നിമിഷയെ ഭീകരര്‍ മനുഷ്യബോംബായി ഉപയോഗിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇവരെ രക്ഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. മകളെയും മരുമകനെയും കുഞ്ഞിനെയും തിരിച്ചു കിട്ടുമെന്ന് വിശ്വാസമുണ്ടെന്ന് ബിന്ദു കൂടിക്കാഴ്ചയ്‌ക്ക് ശേഷം പറഞ്ഞു.
















