പഴയങ്ങാടി: പഴയങ്ങാടി, പാപ്പിനിശ്ശേരി മേഖലകളില്‍ ലഹരിമരുന്ന് വില്‍പ്പന വ്യാപകം. കഞ്ചാവ്, വിവിധയിനം ലഹരിഗുളികകള്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഈ മേഖലകളില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത്.
കിലോക്കണക്കിന് കഞ്ചാവ് ഈ മേഖലകളിലെ പല സ്ഥലങ്ങളില്‍ നിന്നുമായി എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഇതുകൂടാതെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നതും നിത്യസംഭവമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍, കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് വില്‍പ്പന ഏറെയും നടക്കുന്നത്. അന്യസംസ്ഥാന സംഘവും ഇത്തരം മാഫിയാസംഘത്തിലുണ്ട്. കഴിഞ്ഞദിവസം പാപ്പിനിശ്ശേരി വേളാപുരത്ത് വെച്ച് 12 ഗ്രാം കഞ്ചാവുമായി പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപത്തെ പന്തലത്ത് സലീഷ്(32), 10 ഗ്രാം കഞ്ചാവുമായി വേളാപുരം പുതിയാണ്ടി ഹൗസില്‍ ഷാനവാസ്(21) എന്നിവരെ പാപ്പിനിശ്ശേരി എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. മാജിക് കൂണും ഈ മേഖലയില്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്നാണ് സൂചന.
കഴിഞ്ഞദിവസം പഴയങ്ങാടിയില്‍ ലഹരിഗുളികയും പിടികൂടിയിരുന്നു. പഴയങ്ങാടിയിലെ ഒരു ഹോട്ടലിന് സമീപത്ത് നിന്നും വിദ്യാര്‍ത്ഥികളെയാണ് മോപ്ലസ് വണ്‍ പെയിന്‍ കില്ലറെന്ന ലഹരിഗുളികയുമായി പിടികൂടിയത്. ഇത്തരം ലഹരി ഗുളികകള്‍ ബംഗളൂരിവില്‍ നിന്നാണ് ഈ മേഖലയില്‍ എത്തിക്കുന്നത്. മംഗളൂരുവിലെ മരുന്ന് കടകളില്‍ ചെറിയ വിലക്ക് വില്‍പ്പന നടത്തുന്ന മയക്ക് ഗുളികകള്‍ വന്‍ വിലയീടാക്കിയാണ് ഇവിടങ്ങളില്‍ വില്‍പ്പന നടത്തുന്നത്. പോലീസ്, എക്‌സൈസ് സംഘം വ്യാപകമായ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ചെറിയ പരലുകള്‍ മാത്രമാണ് ഇവരുടെ വലയില്‍പ്പെടുന്നത്. വന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ് പതിവ്.















