കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെയുള്ള കുറ്റപത്രം പോലീസ് നാളെ സമര്‍പ്പിച്ചേക്കും. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം എന്നായിരുന്നു ചട്ടം. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു അന്വേഷണ സംഘം 90-ാം ദിവസം വരെ കാത്തിരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിന് മുമ്പ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വീണ്ടും നീണ്ടുപോയത്.
സാങ്കേതിക കാര്യങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിലെ കാലതാമസം മൂലമാണ് കുറ്റപത്രം വൈകിയത്. അതിനിടെ കേസിലെ പ്രധാന സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരന് മൊഴി മാറ്റിയത് പോലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. കേസില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പടെ 20ലേറെ ആളുകളുടെ രഹസ്യ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂറുമാറുന്നവര്‍ക്കെതിരെ കേസ് എടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മൊഴികള്ക്കപ്പുറത്തുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാല്‍ ആ തെളിവ് എന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. വിചാരണ വേളയില്‍ പോലീസ് ചില രഹസ്യ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: