പ്രിയപ്പെട്ട കൊമ്പന്‍ പീലാണ്ടിയെ കാണാന്‍ വനവാസികള്‍ എത്തിയപ്പോള്‍, വന വിഭവങ്ങള്‍ പീലാണ്ടിയ്‌ക്ക് നല്‍കാനായി പാപ്പാന്‍ രതീഷിനെ ഏല്‍പ്പിക്കുന്നു
കൊച്ചി: ഊരും ചുരവും താണ്ടി അവര്‍ കാണാന്‍ വന്നു. പീലാണ്ടിയെ മനംനിറയെ കണ്ടു. അഗളിയിലെ സാമ്പാഡൂരില്‍ നിന്ന് പ്രായഭേദമില്ലാതെ അവര്‍ കോടനാട് കപ്രിക്കാട്ട് ആന വളര്‍ത്തുകേന്ദ്രത്തിലെത്തിയത് പ്രിയപ്പെട്ട കൊമ്പന്‍ പീലാണ്ടിയെ കാണാനായിരുന്നു. മെയ് 30നാണ് അവനെ സകല കുറ്റങ്ങളും ചാര്‍ത്തി മയക്കുവെടിവച്ച് ഊരുകടത്തിയത്. വനത്തില്‍ വന്ന് കുടിയേറി കൃഷിചെയ്ത് ജീവിച്ച ആറോളംപേരെ കൊന്നു, വിളകള്‍ ഒന്നൊന്നായി നശിപ്പിച്ചു. ഇതാണ് ഊരിലെ പീലാണ്ടിയെന്ന കൊമ്പനെ നാടുകടത്താനുള്ള കുറ്റങ്ങള്‍.
എന്നാല്‍ പീലാണ്ടിയെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഊരില്‍ എല്ലാവര്‍ക്കും ഇവനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. ഊണിലും ഉറക്കത്തിലും കുട്ടികള്‍ ചോദിച്ചിരുന്നത് പീലാണ്ടിയെക്കുറിച്ചായിരുന്നു.
ഇന്നലെ ഊരില്‍നിന്ന് ഒരു സ്‌പെഷല്‍ ബസ്സു പിടിച്ച് പാപ്പല്‍ എന്ന വനസംരക്ഷണസമിതി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സാമ്പാഡൂര്‍ ഊരിലെ ജനങ്ങള്‍ പെരിയാറിന്റെ തീരത്തെ വിഖ്യാത ആനവളര്‍ത്തുകേന്ദ്രത്തിലെത്തി. ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണനൊപ്പമാണ് അവര്‍ വന്നത്. വന വിഭവങ്ങള്‍ പീലാണ്ടിയുടെ ഒന്നാം പാപ്പാനായ പെരുമ്പാവൂരുകാരന്‍ മേക്കപ്പാല രതീഷിനെ ഏല്‍പ്പിച്ചു. സകലരും പീലാണ്ടി എന്നു നീട്ടി വിളിച്ചു. സന്തോഷം കൊണ്ടുകരഞ്ഞവരുമുണ്ട്.
കുടിയേറിവന്നവര്‍ക്ക് ഈ ആന കൊലയാളി ആയിരുന്നു എന്നാല്‍ സാമ്പാളൂരുകാര്‍ക്ക് ഇവന്‍ പ്രാണനായിരുന്നു. കൃഷിചെയ്തവയെല്ലാം ഇവന്‍ വന്ന് തിന്നാലും ആര്‍ക്കും ഒരു പരാതിയുമില്ല. കാരണം അവന്‍ വലതുകാലു വച്ച് കൃഷിയിടത്തില്‍ വന്നാല്‍ പിറ്റേവര്‍ഷം ഈരാറുപന്ത്രണ്ടായി കനത്ത വിളവുകിട്ടും. ഊരിലെ ഒരാളെപ്പോലും ഇവന്‍ ഉപദ്രവിച്ചിട്ടില്ല. അവനെ ഉപദ്രവിച്ചവരെയാണ് കൊലപ്പെടുത്തിയതെന്നാണ് ഊരുകാരുടെ പക്ഷം.
കോടനാട് വന്ന് മനുഷ്യഭാഷയോട് അടുത്തെത്തിയ അവരുടെ പീലാണ്ടിക്ക് ചന്ദ്രു എന്നാണ് ആനക്കളരിയിലെ പേര്. രതീഷും മുരുകേഷുമാണ് ചന്ദ്രുവിനെ കുളിപ്പിക്കുന്നതും ഭക്ഷണം നല്‍കുന്നതും. അന്‍പതു വയസ്സെത്തിയ ഈ കാട്ടുകൊമ്പനെ എങ്ങിനെ ഇണക്കും എന്ന് പലരും ചോദിച്ചങ്കിലും പാപ്പാന്മാര്‍ക്ക് അതൊരു പ്രശ്‌നമല്ലായിരുന്നു. ഒരു മാസത്തിനകം ചന്ദ്രുവിനെ താല്‍ക്കാലിക കൂട്ടില്‍നിന്നും മോചിപ്പിക്കും.
















