അമൃതപുരിയില്‍ നടക്കുന്ന സ്വദേശി സയന്‍സ് കോണ്‍ഗ്രസില്‍ സുരേഷ് ഗോപി എംപി സദസ്സിനോട് സംവദിക്കുന്നു. സമീപം അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി ഡീന്‍ ഡോ ബിപിന്‍ നായര്‍
കരുനാഗപ്പള്ളി: ശാസ്ത്രപുരോഗതി ജീവിതവിജയത്തിനും മനുഷ്യബന്ധങ്ങള്‍ക്കും എങ്ങനെ സഹായകമാകുമെന്ന ചിന്തയിലേക്ക് വഴിതുറന്ന് സ്വദേശി ശാസ്ത്ര സമ്മേളനം. സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ 27-ാമത് ത്രിദിന ശാസ്ത്ര സമ്മേളനത്തിന്റെ ആദ്യദിനത്തിലാണ് മാനുഷികബന്ധങ്ങളിലേക്ക് ശാസ്ത്രത്തെ സമന്വയിപ്പിക്കുന്ന ചിന്തകളുയര്‍ന്നത്.
‘ശാസ്ത്രവും സാങ്കേതികതയും സമൂഹ പുരോഗതിക്ക്’ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതന സാങ്കേതിക വിദ്യകള്‍ സാമൂഹ്യനന്മയ്‌ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
ശാസ്ത്രവും ആദ്ധ്യാത്മികതയും സമന്വയിപ്പിച്ച് മുന്നോട്ടു പോവുകയാണ് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യമെന്ന് ഉദ്ഘാടനസഭയില്‍ അനുഗ്രഹഭാഷണം നടത്തിയ സ്വാമി അമൃതഗീതാനന്ദ പുരി പറഞ്ഞു. അവ രണ്ടും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ്സ്‌ചെയര്‍മാന്‍ ഡോ:എം.ഡി. നായര്‍ വിവിധ ശാസ്ത്ര വിഷയങ്ങളിലും മാരക രോഗചികിത്സയിലും മാനവരാശി കൈവരിച്ചിട്ടുള്ള നേട്ടങ്ങളെപ്പറ്റി വിശദീകരിച്ചു. ഡോ: മിറന്‍ഡ, ഡോ: എ.ആര്‍.എസ്. മേനോന്‍, കെ.വി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി സര്‍വകലാശാലാ ഫോട്ടോണിക്‌സ് മുന്‍ മേധാവി ഡോ:സി.പി. ഗിരിജാവല്ലഭന്‍ സി.വി. രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഉച്ചയ്‌ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ എംപി സുരേഷ് ഗോപി ശാസ്ത്രവിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളുടെ ശ്രദ്ധാപൂര്‍വ്വമായ വിനിയോഗം കൊണ്ട് ഇന്ത്യയ്‌ക്ക് വന്‍ സാമ്പത്തികശക്തിയായി വളരാമെന്നും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സാങ്കേതിക വിദ്യകള്‍ എത്തിയതിനാല്‍ മനുഷ്യബന്ധങ്ങള്‍ ശിഥിലമാവാന്‍ ഇടയായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്ത് സംസ്ഥാനങ്ങളിലെ 180 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 303 പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. നാല് വ്യത്യസ്ത വിഷയങ്ങളിലായി 14 ടെക്‌നിക്കല്‍ സെഷന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി ഡീന്‍ ഡോ ബിപിന്‍ നായര്‍ ചടങ്ങിനെത്തിയവര്‍ക്ക് സ്വാഗതം ആശംസിച്ചു.
















