കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍ രണ്ട് വര്‍ഷമായി സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ ദളിത് യുവാവ്. ധര്‍മ്മടം പാതിരിയാട് കുഴിയില്‍ പീടികയിലെ വലിയപറമ്പത്ത് ഹൗസില്‍ വിജയന്റെ മകന്‍ മഞ്ജുനാഥ് (19) ആണ് പാര്‍ട്ടി ഗ്രാമത്തിലുള്ള വീട്ടില്‍ പോകാന്‍ സാധിക്കാതെ ബന്ധു വീടുകളില്‍ അഭയം തേടിയത്. കഴിഞ്ഞ ദിവസം പാച്ചപ്പൊയ്‌കയില്‍ നിന്ന് സിപിമ്മുകാര്‍ മഞ്ജുനാഥിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്.
മഞ്ജുനാഥ് എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ് സിപിഎം അക്രമം ആരംഭിച്ചത്. ആദ്യം ഭീഷണിയായി. തുടര്‍ന്ന്, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്ന നിരന്തര ഭീഷണിയായി. മഞ്ജുനാഥ് വകവെച്ച് കൊടുത്തില്ല. ജാതിപ്പേര് പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്താനും ആക്രമിക്കാനും തുടങ്ങി. വഴങ്ങില്ലെന്ന് ബോധ്യമായപ്പോള്‍ സഹോദരിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
ഭീഷണിയും ദുഷ്പ്രചാരണങ്ങളും കാരണം ഒന്‍പതാം ക്ലാസ്സില്‍ വെച്ച് മഞ്ജുനാഥ് പഠനം നിര്‍ത്തി. മമ്പറം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മഞ്ജുനാഥിനെതിരെ സഹപാഠികളെക്കൊണ്ട് വ്യാജപരാതി നല്‍കിച്ചു. സിപിഎമ്മുകാര്‍ പറഞ്ഞതു പ്രകാരമാണ് തങ്ങള്‍ പരാതി പറഞ്ഞതെന്ന് സഹപാഠികള്‍ കൗണ്‍സിലിങ്ങില്‍ മൊഴി നല്‍കിയതോടെ മഞ്ജുനാഥ് തെറ്റുകാരനല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. ഒരു തെറ്റും ചെയ്യാതെ പരസ്യമായി വിചാരണ ചെയ്യപ്പെട്ട മഞ്ജുനാഥ് പഠനം നിര്‍ത്തി.
മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് സിപിഎം നേതൃത്വത്തിന്റെ ശത്രുത വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മോഹനന്‍ മാനന്തേരിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞുവെച്ച സ്ഥലത്താണ് മഞ്ജുനാഥ് താമസിക്കുന്നത്. ഒക്‌ടോബര്‍ ഒന്‍പതിന് മഞ്ജുനാഥിന്റെ വീട് പൂര്‍ണ്ണമായും സിപിഎം സംഘം അടിച്ച് തകര്‍ത്തിരുന്നു. ഒന്നുകില്‍ സിപിഎം ആവുക അല്ലെങ്കില്‍ നാടുവിടുകയെന്ന സിപിഎം അന്ത്യശാസനം നിലനില്‍ക്കുന്നതിനാല്‍ മഞ്ജുനാഥ് ഇപ്പോള്‍ ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.
















