കരുനാഗപ്പള്ളി: തൊടിയൂര്‍ റജീനാമന്‍സിലില്‍ നൗഷാദിന്റെ വീട്ടില്‍ നിന്നും 147 ചാക്ക് റേഷനരിയും 20 ചാക്ക് ഗോതമ്പും അരി കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും പിടികൂടി. അനധികൃതമായി അരി സൂക്ഷിക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വീടിന്റെ പിറകില്‍ ഒളിപ്പിച്ച അരി പിടിച്ചെടുത്തത്. റേഷന്‍കടകളില്‍ നിന്നും അനധികൃതമായി കടത്തുന്ന അരി കഴുകി ഉണക്കി ബ്രാന്‍ഡഡ് കവറുകളിലാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തുവരികയായിരുന്നു. പല ഇടങ്ങളിലും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ അരി നല്‍കുന്നതിനായി ഏജന്റുമാരെയും ഇവര്‍ നിയോഗിച്ചിട്ടുണ്ട്. നൗഷാദും, സഹോദരന്‍ നിസാറും ചേര്‍ന്നാണ് അരികച്ചവടം നടത്തിവരുന്നതെന്നും, ഇതിന്റെ പിന്നില്‍ വന്‍മാഫിയാസംഘം ഉള്ളതായും പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി സിഐ: രാജേഷ്‌കുമാര്‍, എസ്‌ഐ: ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
















