ന്യൂദല്‍ഹി: വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്‌ക്കുമെന്ന് സൂചന. നിലവില്‍ 28 ശതമാനം നികുതിയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 18 ശതമാനമാക്കി കുറയ്‌ക്കാനാണ് നീക്കം. ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതിയാണ് 28 ശതമാനം. നൂറോളം ഉത്പന്നങ്ങള്‍ക്ക് അടുത്തിടെ നികുതി കുറച്ചിരുന്നു.
നികുതി പുനഃപരിശോധിക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ തവണ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളാണ്. ജിഎസ്ടിയിലെ പ്രധാന തീരുമാനങ്ങളെടുക്കുന്നത് കൗണ്‍സിലാണ്.
ഷാംപൂ, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, കൈകൊണ്ട് നിര്‍മിച്ച ഫര്‍ണീച്ചറുകള്‍ എന്നിവയ്‌ക്ക് നികുതി കുറഞ്ഞേക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്നത് എളുപ്പത്തിലാക്കാനും നടപടി സ്വീകരിക്കും.
ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് നികുതി വര്‍ധിച്ചിട്ടുള്ള മേഖലകള്‍ കണക്കിലെടുത്ത് പരിഹാരം നിര്‍ദ്ദേശിക്കും. എല്ലാ തരത്തിലുള്ള ഫര്‍ണീച്ചറുകള്‍ക്കും 28 ശതമാനമാണ് ഇപ്പോഴത്തെ നികുതി. പരമ്പരാഗത കൈത്തൊഴിലുകാര്‍ നിര്‍മിക്കുന്ന ഫര്‍ണീച്ചറുകളാണ് ഇടത്തരം കുടുംബങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ നികുതിയില്‍ കുറവ് വരുത്തണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ചില പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് 18 ശതമാനം നികുതിയാണുള്ളത്. എന്നാല്‍, വെള്ളസംഭരണി, വാഷ് ബേസിനുകള്‍, സീറ്റുകള്‍, ശുചീകരണ സംബന്ധമായ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് 28 ശതമാനം. ഇതും 18 ശതമാനമാക്കാനാണ് ആലോചിക്കുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ 80 ശതമാനവും ചെറുകിട ഇടത്തരം ബിസിനസുകാരാണ്. യന്ത്രത്തുലാസ്, കംപ്രസറുകള്‍, ഇലക്ട്രിക് സ്വിച്ച്, പ്ലാസ്റ്റിക് പൈപ്പ് എന്നിവയ്‌ക്കും നികുതി കുറച്ചേക്കും.
















