ന്യൂദല്‍ഹി: അഴിമതിയെയും കോണ്‍ഗ്രസ്സിനെയും വേര്‍തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരവും വേരും പോലെ ചേര്‍ന്നുകിടക്കുന്നതാണ് കോണ്‍ഗ്രസ്സും അഴിമതിയും.
അഴിമതിക്കേസില്‍ ജാമ്യത്തിലുള്ള നേതാക്കള്‍ ഇപ്പോള്‍ അഴിമതിക്കെതിരെ സംസാരിക്കുകയാണെന്നും ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെ പരാമര്‍ശിച്ച് മോദി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മോദി സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയത്.
കോണ്‍ഗ്രസ്സിനോട് പൊരുതുന്നത് ബിജെപിയല്ല. കോണ്‍ഗ്രസ്സിനെ പാഠംപഠിപ്പിക്കാന്‍ തീരുമാനിച്ച ജനങ്ങളാണ്. കോണ്‍ഗ്രസ് പോരാട്ടഭൂമി ഉപേക്ഷിച്ചു കഴിഞ്ഞു. മത്സരം ഏകപക്ഷീയമായി മാറി. നോട്ട് റദ്ദാക്കിയ നവംബര്‍ എട്ടിന് കരിദിനമാചരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെയും മോദി പരിഹസിച്ചു.
നോട്ട് റദ്ദാക്കിയ ദിവസം കോണ്‍ഗ്രസ് വിലപിക്കാന്‍ പോവുകയാണ്. അതില്‍ അസ്വാഭാവികതയില്ല. കാരണം അവര്‍ക്കിപ്പോള്‍ ദു: ഖം മാത്രമാണുള്ളത്. മറ്റെല്ലാം നഷ്ടപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പൂര്‍ണ അര്‍ത്ഥത്തില്‍ നോട്ട് റദ്ദാക്കാനുള്ള നിര്‍ദ്ദേശം അവഗണിച്ചു. താന്‍ അതിന് ധൈര്യം കാണിക്കുകയാണ് ചെയ്തത്.
ഒരു രൂപ സര്‍ക്കാര്‍ അനുവദിക്കുന്നതില്‍ 15 പൈസ മാത്രമാണ് ഗ്രാമങ്ങളിലെത്തുന്നതെന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പഴയ പ്രസംഗത്തെയും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരണകാലത്തെ യഥാര്‍ത്ഥ ചിത്രമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. എവിടെയാണ് ബാക്കി 85 പൈസ പോകുന്നത്. ഏത് ‘കൈ’ ആണ് പണം തട്ടിയെടുക്കുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കുന്നത് വ്യാപാരികള്‍ എതിര്‍ത്തില്ലെന്നും നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
















