ന്യൂദല്‍ഹി: കുട്ടികളുടെ കഴിവും വിജ്ഞാനവും വികസിപ്പിക്കാന്‍ പുതിയ സ്‌കോളര്‍ഷിപ്പുമായി കേന്ദ്രം. സ്റ്റാമ്പ് ശേഖരണം വിനോദമാക്കിയ, പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്കു വേണ്ടിയാണ് ദീന്‍ദയാല്‍ സ്പാര്‍ഷ് (സ്‌ക്കോളര്‍ഷിപ്പ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ആപ്ടിറ്റിയൂഡ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ സ്റ്റാമ്പ്‌സ് ആസ് എ ഹോബി) യോജന. ആറാം ക്‌ളാസ് മുതല്‍ ഒന്‍പതാം ക്‌ളാസ് വരെയുള്ളവര്‍ക്കാണ് പ്രയോജനം.
ഒരു വര്‍ഷം ആറായിരം രൂപ വീതം 920 കുട്ടികള്‍ക്കാണ് നല്‍കുക. ഓരോ പോസ്റ്റല്‍ സര്‍ക്കിളിലും 40 എണ്ണം വീതം. വര്‍ഷാവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ വേണം. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് അഞ്ചു ശതമാനം ഇളവ്. ഫിലാറ്റലി(സ്റ്റാമ്പ് ശേഖരണം) ക്‌ളബ്ബുള്ള അംഗീകൃത സ്‌ക്കൂളിലുള്ളവരാകണം.
കുട്ടി ക്‌ളബ്ബില്‍ അംഗമായിരിക്കണം. സ്‌കൂളില്‍ ഫിലാറ്റലി ക്‌ളബ്ബില്ലെങ്കില്‍ കുട്ടിയുടെ സ്വന്തം ശേഖരണം മതിയാകും. സ്റ്റാമ്പ് ശേഖരണവുമായി ബന്ധപ്പെട്ട പ്രൊജക്ട് നല്‍കേണ്ടിവരും. ഇതും പോസ്റ്റല്‍ സര്‍ക്കിളുകള്‍ നടത്തുന്ന സ്റ്റാമ്പ് ക്വിസിലെ പ്രകടനവും പരിഗണിച്ചാകും സ്‌ക്കോളര്‍ഷിപ്പ് നല്‍കുക. ഒരു വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ്. ഒരു വര്‍ഷം നേടിയാലും അടുത്ത വര്‍ഷവും അപേക്ഷിക്കാം.
















