ന്യൂദല്‍ഹി: വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്‌ടി) നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായ സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നത് ചിലര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. മികച്ച ഭരണമാണ് റാങ്ക് ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.‘
ജിഎസ്ടി എന്ന ഒറ്റ നികുതി സംവിധാനം കൊണ്ട് രാജ്യത്തെ നികുതി വ്യവസ്ഥയെ ഏകീകരിക്കു മാത്രമല്ല ചെയ്തത്. മറിച്ച് നികുതി വ്യവസ്ഥ സുസ്ഥിരവും സുതാര്യവും ആക്കുകയാണ് ചെയ്തതെന്നും മോദി ചൂണ്ടിക്കാട്ടി. ഇതെല്ലാം തന്നെ ലോകബാങ്കിന്റെ അടുത്ത വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യയെ കൂടുതല്‍ അഭിമാനകരമായ സ്ഥാനത്ത് എത്തിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറക്കുറെ പരിഹരിച്ചു കഴിഞ്ഞു. ആവശ്യമെങ്കില്‍ ജിഎസ്‌ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മോദി പറഞ്ഞു. വ്യവസായ സൗഹാര്‍ദ രാജ്യമായതിലുടെ ഇന്ത്യയില്‍ ജീവിതവും സുഖകരമായി. പരിഷ്കരണം, പരിവര്‍ത്തനം, പ്രവര്‍ത്തനം എന്നതാണ് സര്‍ക്കാരിന്റെ മുദ്രവാക്യമെന്നും മോദി പറഞ്ഞു. രാജ്യം ഇന്ന് എത്തിനില്‍ക്കുന്ന സ്ഥാനം ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടല്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രയില്‍ നടത്തിയ ഇന്ത്യയുടെ വ്യവസായ പരിഷ്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. വ്യവസായ സൗഹൃദ രാജ്യങ്ങള്‍ക്ക് ലോകബാങ്ക് നല്‍കുന്ന റാങ്കിങ്ങില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നൂറാം സ്ഥാനത്ത് എത്തി. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാര നടപടികളാണ് റാങ്കിങ് ഉയരാന്‍ കാരണം.
ഈ വര്‍ഷം ഇതിനകം 122 പരിഷ്കാരങ്ങള്‍ വ്യവസായ മേഖലയില്‍ നടപ്പാക്കിയെന്നും 90 പദ്ധതികള്‍ കൂടി ലോകബാങ്കുമായി ചേര്‍ന്ന് നടത്തുമെന്നും മോദി പറഞ്ഞു. ചരക്ക് സേവന നികുതി നടപ്പാക്കിയത് പ്രതിഫലിക്കുന്നതോടെ അടുത്ത വര്‍ഷം ആകുമ്പോള്‍ ഇന്ത്യയുടെ റാങ്കിംഗ് ഇനിയും മെച്ചപ്പെടും. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 42 സ്ഥാനമാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്.
എന്നാല്‍ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്. നേരത്തെ ലോകബാങ്കില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇന്ത്യയുടെ റാങ്കിനെ ചോദ്യം ചെയ്യുകയാണെന്നും മോദി പരാമര്‍ശിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരായിട്ടായിരുന്നു മോദിയുടെ ഈ പരാമര്‍ശം. നേരത്ത നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രഘുറാം രാജന്‍ വിമര്‍ശിച്ചിരുന്നു.
















