ശ്രീനഗര്‍: ലോകത്തിലെ ഉയരമുള്ള റോഡെന്ന ബഹുമതി ഇനി ചിസുമ്‌ലെ-ദെമ്‌ചോക്ക് റോഡിന്. ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയില്‍ 19,300 അടി ഉയരത്തില്‍ ഈ പാത നിര്‍മിക്കാന്‍ കാലാവസ്ഥയെ വെല്ലുവിളിച്ച് കഠിനാധ്വാനം ചെയ്തത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും സൈനികരും.
ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് വിളിപ്പാടകലെ ഉമ്‌ലിംഗ്ലയിലാണ് 86 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിച്ചത്. ലേയില്‍ നിന്ന് 236 കിലോമീറ്റര്‍ അകലെയാണിത്. ‘പ്രൊജക്ട് ഹിമാങ്ക്’ എന്ന പദ്ധതിയുടെ ചീഫ് എഞ്ചിനീയര്‍ ബ്രിഗേഡിയര്‍ ഡി.എം. പുര്‍വിമത്. ഒട്ടേറെ വെല്ലുവിളി അതിജീവിച്ചാണ് പാത പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കടുത്ത വേനലില്‍ ഇവിടെ പൂജ്യത്തിനും താഴെ 10 മുതല്‍ 20 വരെയാണ് താപനില. ശൈത്യകാലത്ത് ഇത് വീണ്ടും കുറഞ്ഞ് 40 ഡിഗ്രി വരെയാകും. സാധാരണ സ്ഥലങ്ങളേക്കാള്‍ ഓക്‌സിജന്‍ ലഭ്യത 50 ശതമാനം കുറവ്. ഇത് തുടര്‍ച്ചയായി ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് 10 മിനിറ്റിനു ശേഷം ഓക്‌സിജന്‍ ശ്വസിക്കാന്‍ താഴെ ഇറങ്ങേണ്ടി വന്നു.
ഈ കാലാവസ്ഥയില്‍ യന്ത്രങ്ങള്‍ പെട്ടെന്നു തകരാറിലാകുന്നതും പ്രതിസന്ധിയായി. ജോലിയിലേര്‍പ്പെട്ട സൈനികര്‍ക്ക് ബോധക്ഷയം, കാഴ്ചാ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദം തുടങ്ങി കടുത്ത ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. ഇതിനെയെല്ലാം വെല്ലുവിളിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
















