തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ‘ട്രോമ കെയര്‍ പദ്ധതി’ ആവിഷ്‌കരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 48 മണിക്കൂര്‍ നേരം രോഗിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ പണം ഈടാക്കാതെ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്‌ക്കുളള പണം സര്‍ക്കാര്‍ നല്‍കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷമാകും വിശദമായ പദ്ധതി തീരുമാനിക്കുക. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്‌ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ‘ട്രോമ കെയര്‍’ സജ്ജീകരണമുണ്ടാക്കാനാണ് ഉദേശിക്കുന്നത്.
അപകടത്തില്‍പ്പെടുന്നവരെ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളുള്ള പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ഏജന്‍സികളില്‍നിന്ന് ഇതിനു വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദേശിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തിരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ്വെയര്‍ തയ്യാറാക്കും. ഒരു കേന്ദ്രീകൃത കോള്‍സെന്ററില്‍ ഇതെല്ലാം സോഫ്റ്റ്വെയര്‍ സഹായത്തോടെയാകും നിയന്ത്രിക്കുക.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, ആഭ്യന്തര സെക്രട്ടറി സുബ്രത ബിശ്വാസ്, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ യോഗത്തില്‍പങ്കെടുത്തു.
















