തിരുവനന്തപുരം: ശബരിമല മണ്ഡലകാല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി തുടങ്ങി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളിലേയും സംസ്ഥാന തലത്തിലേയും മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു.
നവംബര്‍ 15 മുതല്‍ നിലയ്‌ക്കല്‍, പമ്പ, അപ്പാച്ചിമേട്, നീലിമല, സന്നിധാനം, എരുമേലി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിലും മറ്റ് ഇടത്താവളങ്ങളിലും ആരോഗ്യ സേവന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
14 ആംബുലന്‍സ് കൂടാതെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സുസജ്ജമായ 108 ന്റെ നാല് ആംബുലന്‍സ് കൂടി ലഭ്യമാക്കി. സ്ട്രച്ചര്‍, ആംബുലന്‍സ് തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഭക്തര്‍ മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ എന്നിവ മലയാളത്തിലും മറ്റ് ഭാഷകളിലും പ്രദര്‍ശിപ്പിക്കും.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച സന്നിധാനം ഗവ. ആശുപത്രി ഈ തീര്‍ത്ഥാടന കാലം മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8592 999 666 എന്ന നമ്പരിലും തീര്‍ത്ഥാടകര്‍ക്ക് ആഹാരസുരക്ഷ സംബന്ധിച്ച പരാതികള്‍ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
















