(ഇടുക്കി): ദുബായ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും 3.25കോടി തട്ടിച്ച് മുങ്ങിയ യുവാവ് അടിമാലി പോലീസില്‍ കീഴടങ്ങി. ഇടുക്കി അടിമാലി കുരിശുപാറ ചെറുവാഴത്താട്ടം ജയപ്രസാദ് (36) ആണ് കീഴടങ്ങിയത്. 2015 മുതല്‍ 2016 സെപ്റ്റംബര്‍ 16 വരെയുള്ള കാലയളവിലാണ് കമ്പനിയില്‍ നിന്നും പലപ്പോഴായി പണം തട്ടിയെടുത്തത്. പണം തട്ടിപ്പിനെക്കുറിച്ച് സംശയം തോന്നിയ അധികൃതര്‍ സെപ്റ്റംബര്‍ 27ന് ജയപ്രസാദിനെ കമ്പനി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു.
ജയപ്രസാദ് കുടുംബാംഗങ്ങളുമൊത്ത് കേരളത്തിലേക്ക് മുങ്ങി. തുടര്‍ന്ന് കമ്പനി കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഒളിവില്‍പ്പോയ ഇയാള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യം തേടി.
അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇയാള്‍ സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ 2007 മുതല്‍ ദുബായില്‍ വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍പ്പന നടത്തുന്ന ജര്‍മ്മന്‍ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു.
















