തലശ്ശേരി: ബുധനാഴ്ച രാവിലെ തലശ്ശേരിയിലെത്തിയ യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ നിന്നും ആര്‍പിഎഫ് പിടികൂടി തലശ്ശേരി പോലീസിനെ ഏല്‍പിച്ച മൂന്നേകാല്‍ കോടിയുടെ കറന്‍സികളും ഇത് ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ട് യുവാക്കളെയും കോഴിക്കോട് നിന്നെത്തിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്ത് കൊണ്ടുപോയി. പിടികൂടിയത് കുഴല്‍പണമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇത് സംബന്ധിച്ച തുടരന്വേഷണവും അനന്തര നിയമനടപടികളും ഇനി എന്‍ഫോഴ്‌സ്‌മെന്റാണ് കൈകാര്യം ചെയ്യുകയെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.
കോഴിക്കോട് കൊടുവള്ളിയിലെ പി.പി.ഇഖ്ബാല്‍, മുഹമ്മദ് ഷാലിഖ് എന്നിവരാണ് ബംഗളൂരില്‍ നിന്നും കോടികളുടെ നോട്ടുകെട്ടുകളുമായി കണ്ണൂരിലേക്കുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസ് യാത്രയ്‌ക്കിടയില്‍ തലശ്ശേരിയില്‍ പിടിയിലായത്. യശ്വന്ത്പൂര്‍ വണ്ടി ഷൊര്‍ണ്ണൂരിലെത്തിയതുമുതല്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഉടമസ്ഥനില്ലാത്ത ബാഗ് ആര്‍പിഎഫിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അല്‍പമകലെ പരിഭ്രമത്തോടെ കാണപ്പെട്ട രണ്ടു യുവാക്കളുടെയും നീക്കത്തില്‍ ആര്‍പിഎഫിന് സംശയമായി. വിവരമറിഞ്ഞ് റെയില്‍വെ സംരക്ഷണസേനയിലെ െ്രെകം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡംഗങ്ങള്‍ ഇരുവരെയും പിന്തുടര്‍ന്നു. വണ്ടി കോഴിക്കോട്ടെത്തിയതോടെ യുവാക്കള്‍ രണ്ടു പേരും ബാഗിനടുത്തെത്തി. സിപിഡിഎസ് ഭടന്മാര്‍ തലശ്ശേരിയിലെ ആര്‍.പി.എഫിന് ജനറല്‍ കംപാര്‍ട്ട്‌മെന്റിനടുത്തേക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കി. വണ്ടി തലശ്ശേരിയിലെത്തിയപ്പോള്‍ ഇരച്ചെത്തിയ ആര്‍പിഎഫ് ഭടന്മാര്‍ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പണം കടത്തുകേസായതിനാല്‍ പിന്നീട് സ്ഥലം പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ കൂടുതലൊന്നും വിട്ടുപറയാന്‍ ഇരുവരും കൂട്ടാക്കിയില്ല. കസ്റ്റഡിയിലായ മുഹമ്മദ് ഷാലിക്ക് ബിടെക് കഴിഞ്ഞ് ബംഗഌരില്‍ ബിസിനസ്സ് ചെയ്യുകയാണ്. ഇഖ്ബാല്‍ നേരത്തെ സൗദിയിലായിരുന്നു നാട്ടിലെത്തിയപ്പോള്‍ കുഴല്‍പണക്കടത്ത് ഏജന്റായി ഷാലിക്കിനോടൊപ്പം കൂടി. കാസര്‍കോഡ് കഴിഞ്ഞാല്‍ സ്വര്‍ണ്ണക്കടത്ത് ഇടപാടുകാരുടെ പറുദീസയായ കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണ്ണം ബംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും അവിടെനിന്ന് പകരം പണം തിരികെ എത്തിക്കുകയും ചെയ്യുന്ന ഇടനിലക്കാരിലെ മൂന്നാംകണ്ണികളാണ് പിടിയിലായവരെന്ന് സൂചനയുണ്ട്.
















