ന്യൂദല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇതിന് രൂപരേഖ തയ്യാറാക്കാനും ചെലവ് അറിയിക്കാനും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിന് എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നിലവില്‍ ആറ് വര്‍ഷമാണ് വിലക്ക്.
ആജീവനാന്തം വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമ കമ്മീഷന്റെയും ശുപാര്‍ശകള്‍ പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയാന്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടറിയിക്കാത്തതില്‍ നേരത്തെ കോടതി അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
2014ലെ കണക്ക് പ്രകാരം 1581 കേസുകളാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഒരു വര്‍ഷത്തിനുള്ളില്‍ എത്ര കേസുകള്‍ തീര്‍പ്പാക്കിയെന്നതും ശിക്ഷിക്കപ്പെട്ടവരുടെയും വെറുതെ വിട്ടവരുടെയും കണക്കുകള്‍ വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവയില്‍ നിലപാടറിയിക്കാനും നേരത്തെ കമ്മീഷനോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പട്ടിരുന്നു.
















