ന്യൂദല്‍ഹി: എഴുത്തുകാരന്‍ അബ്ദുള്‍ ഖവി ദേശ്‌നവിയോടുള്ള ആദരവ് പ്രകാരം ഗൂഗിളില്‍ അദ്ദേഹത്തിന്റെ ഡൂഡില്‍ പ്രത്യക്ഷപ്പെട്ടു.
ഉറുദു ഭാഷയ്‌ക്ക് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ 87-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഡൂഡില്‍ പ്രത്യക്ഷപ്പെട്ടത്. ദേശ്‌നവി ഇരുന്ന് എഴുതുന്നതായിട്ടാണ് ഡൂഡില്‍ ചിത്രം. ദേശ്‌നവിയുടെ കൈയെഴുത്ത് പ്രതിക്ക് സമാനമായി അക്ഷരങ്ങളും ഡൂഡിലില്‍ ചിത്രീകരിച്ചിട്ടുണ്ട്.
1930ല്‍ ബീഹാറിലെ ദേശ്‌ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന് മികച്ച അക്കാദമി പശ്ചാത്തലമാണുള്ളത്. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് അരാഹിലായിരുന്നു. തുടര്‍ന്ന് മുംബൈയിലെ സെന്റ്. സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബുരുദവും സ്വന്തമാക്കി. ഭോപാലിലെ സൈഫിയ കോളേജില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. കോളേജിലെ ഉറുദു വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.
നിരവധി സാഹിത്യ-സര്‍വ്വകലാശാല സംഘടനകളില്‍ അംഗമായിരുന്ന അദ്ദേഹം 2011 ജൂലൈ ഏഴിന് ഭോപാലിലാണ് മരണമടയുന്നത്.
















